ജമ്മുകശ്മീരിലെ അനന്ത്നാഗിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം കണ്ടെത്തി. ടെറിട്ടോറിയൽ ആർമിയിലെ സൈനികനായ ഹിലാൽ അഹ്മദ് ഭട്ടിനെയാണ് ചൊവ്വാഴ്ച തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച കൊക്കർനാഗിലെ വനമേഖലയിൽ നിന്നാണ് വെടിയേറ്റ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. സൈനികന്റെ ദേഹത്ത് കുത്തിപ്പരിക്കേൽച്ചതിന്റെ പാടുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യൻ ആർമിയും ജമ്മുകശ്മീർ പൊലീസും സംയുക്തമായി നടത്തിയ വ്യാപക തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 161 യൂണിറ്റിലെ സൈനികനെ അനന്ത്നാഗിലെ വനമേഖലയിൽ നിന്നാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. രണ്ടു സൈനികരെ തട്ടിക്കൊണ്ടുപോകാനാണ് ഭീകരർ ശ്രമിച്ചതെങ്കിലും ഒരാൾ രക്ഷപ്പെട്ട് തിരിച്ചെത്തിയിരുന്നു. മൃതദേഹം ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ആഗസ്റ്റിലും കശ്മീരിലെ കുൽഗാമിൽ നിന്ന് ഒരു സൈനികനെ കാണാതായിരുന്നു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിൽ ഇദ്ദേഹത്തെ കണ്ടെത്തി. എട്ടുവർഷത്തിനിടെ കശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി ഭീകരർ അഞ്ചിലേറെ സൈനികരെ തട്ടിക്കൊണ്ടുപോവുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങൾ പ്രദേശത്തെ സുരക്ഷാ സ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നു.
Story Highlights: Body of kidnapped soldier found in Anantnag, Jammu and Kashmir, with gunshot wounds