കേരളത്തിൽ വ്യാപകമായി വ്യാജ സ്വർണം പണയം വച്ച് തട്ടിപ്പ് നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന സ്ത്രീ പൊലീസിന്റെ വലയിൽ. വലപ്പാട് കോതകുളം സ്വദേശി പൊന്തേല വളപ്പിൽ ഫാരിജാനി (45) എന്ന വനിതയെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ ചെന്ത്രാപിന്നിയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഒരു ലക്ഷത്തി തൊണ്ണൂറ്റെണ്ണായിരം രൂപയുടെ വ്യാജ സ്വർണം പണയം വച്ച കേസിലാണ് ഇവരുടെ അറസ്റ്റ്.
കേരളത്തിലെ വിവിധ ജില്ലകളിലായി 12-ഓളം വ്യാജ സ്വർണാഭരണങ്ങൾ പണയം വച്ചതും, വാഹനങ്ങൾ വാടകയ്ക്കെടുത്ത് മറിച്ചു വിറ്റതുമായ കേസുകൾ ഫാരിജാനിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, കാട്ടൂർ, വലപ്പാട് തുടങ്ങിയ സ്റ്റേഷനുകളിലെ പല കേസുകളിലും ഒളിവിൽ കഴിഞ്ഞുവരവെയാണ് മലമ്പുഴ ഡാമിനു സമീപത്തുള്ള ഒരു റിസോർട്ടിൽ നിന്ന് കയ്പമംഗലം പൊലീസ് ഇവരെ പിടികൂടിയത്.
കുറ്റകൃത്യങ്ങൾക്ക് ശേഷം മൊബൈൽ നമ്പർ മാറ്റി ഉപയോഗിക്കുന്ന ശീലമുള്ള ഫാരിജാനിയെ തൃശ്ശൂർ റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് കണ്ടെത്തിയത്. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമയുടെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി വി.കെ. രാജുവിന്റെ മേൽനോട്ടത്തിൽ നടന്ന പ്രത്യേക അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കയ്പമംഗലം എസ്.ഐ എം. ഷാജഹാൻ, എസ്.ഐ. കെ.എസ്. സൂരജ്, എ.എസ്.ഐ. പി.കെ. നിഷി, ഗ്രേഡ് സീനിയർ സി.പി.ഒമാരായ ടി.എസ്. സുനിൽ കുമാർ, അൻവറുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് നടത്തിയത്.
Story Highlights: Woman arrested in Kerala for extensive gold loan fraud across multiple districts