സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിക്കാനുള്ള കേരള സർക്കാരിന്റെ നീക്കത്തിന് കേന്ദ്രം എതിർപ്പ് പ്രകടിപ്പിച്ചു. ഗവർണറുടെ അനാസ്ഥയ്ക്കെതിരെ സമർപ്പിച്ച ഹർജികൾ ഫലപ്രദമല്ലെന്ന് വിലയിരുത്തിയാണ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയപരിധി നിശ്ചയിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കേരളം സുപ്രീം കോടതിയെ സമീപിച്ചത്. നിലവിൽ ഗവർണറുടെ മുന്നിൽ ബില്ലുകളില്ലാത്തതിനാൽ ഹർജി അപ്രസക്തമാണെന്നാണ് സർക്കാരിന്റെ വാദം.
\
കേരളത്തിന്റെ നിലപാട് വിചിത്രമെന്നാണ് കേന്ദ്രം വാദിച്ചത്. ഹർജികൾ ഇങ്ങനെ നിസാരമായി ഫയൽ ചെയ്യാനും പിൻവലിക്കാനും സാധിക്കില്ലെന്നും ഇത് ഭരണഘടനാപരമായ പ്രശ്നമാണെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ കേരളത്തിനുവേണ്ടി ഹാജരായി.
\
ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന്റെ സമയപരിധി സംബന്ധിച്ച തമിഴ്നാടിന്റെ ഹർജിയിലെ വിധി കേരളത്തിന്റെ കാര്യത്തിലും ബാധകമാണെന്ന് സംസ്ഥാനം നേരത്തെ വാദിച്ചിരുന്നു. ഹർജി പിൻവലിക്കുന്നതിനെ കേന്ദ്രം എതിർത്തതിനെ തുടർന്ന് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി. ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകുന്നതിൽ ഗവർണർക്കെതിരെ നൽകിയ ഹർജി പിൻവലിക്കാനൊരുങ്ങുകയാണ് കേരളം.
Story Highlights: Kerala is withdrawing its Supreme Court petition against the Governor’s inaction on bills, facing opposition from the central government.