എൽഡിഎഫ് സർക്കാർ തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും സർക്കാർ എന്തെങ്കിലും നൽകിയാൽ അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ് സർക്കാരിന്റെ ക്ഷേമ പ്രഖ്യാപനങ്ങൾ അവരുടെ ജാള്യത മറയ്ക്കാനാണെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.
എൽഡിഎഫ് അധികാരത്തിൽ വരുന്നതിന് മുൻപ് സാമൂഹ്യ സുരക്ഷാ പെൻഷൻ 2500 രൂപയായി ഉയർത്തും എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നാലര വർഷം കഴിഞ്ഞിട്ടും അത് നടപ്പിലാക്കിയില്ലെന്നും തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 400 രൂപ മാത്രമാണ് കൂട്ടിയത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. വാസ്തവത്തിൽ ജനങ്ങൾക്ക് 900 രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
ക്ഷേമനിധികൾ മുടങ്ങിയ ഒരു കാലഘട്ടം ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ഈ സർക്കാർ ജീവനക്കാർക്കും, അധ്യാപകർക്കും പെൻഷൻകാർക്കും കൊടുക്കാനുള്ളത് ഏകദേശം ഒരു ലക്ഷം കോടി രൂപയാണെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. നായനാർ സർക്കാരാണ് പെൻഷൻ കൊടുത്തു തുടങ്ങിയതെന്ന പ്രചാരണം പച്ചക്കള്ളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ഈ വർധനവ് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും സതീശൻ പറഞ്ഞു.
ആശാവർക്കർമാരുടെ സമരത്തെ പരിഹസിച്ച സർക്കാരാണ് ഇപ്പോൾ 33 രൂപ കൂടുതൽ കൊടുക്കാൻ തയ്യാറായിരിക്കുന്നത്. ആശാവർക്കർമാരുടെ ഓണറേറിയം ഗൗരവമായി വർദ്ധിപ്പിക്കണമെന്നും ഇത് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നാലര വർഷം ജനങ്ങളെ ഈ സർക്കാർ കബളിപ്പിക്കുകയായിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 18 മാസത്തെ കുടിശ്ശികയുണ്ടായിരുന്നു എന്നത് സി.പി.എം പ്രചരിപ്പിക്കുന്ന വ്യാജ ആരോപണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് തെളിയിക്കാൻ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും തയ്യാറാകണമെന്നും വി.ഡി. സതീശൻ വെല്ലുവിളിച്ചു.
നൂറിലധികം സീറ്റുകളുമായി 2026-ൽ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും പ്രതിപക്ഷ നേതാവ് പ്രത്യാശ പ്രകടിപ്പിച്ചു. അതിന് നേതൃത്വം നൽകുന്നത് കോൺഗ്രസ്സായിരിക്കും. കോൺഗ്രസ്സിൽ പ്രശ്നങ്ങളുണ്ടെന്നത് സി.പി.ഐ.എമ്മിന്റെ കഥകളാണ്, എന്നാൽ ഇപ്പോൾ എൽ.ഡി.എഫിലാണ് പ്രശ്നങ്ങളെന്നും സതീശൻ പരിഹസിച്ചു. ആരും അറിയാതെ പി.എം. ശ്രീയിൽ ഒപ്പുവെച്ചതിനുശേഷമാണോ മന്ത്രിസഭ ഉപസമിതി രൂപീകരിക്കുന്നതെന്നും വി.ഡി. സതീശൻ വിമർശിച്ചു.
Story Highlights : vd satheesan on pinarayi kerala welfare pension hike
പിണറായി സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ എൽ.ഡി.എഫ് നടത്തുന്ന ക്ഷേമപ്രഖ്യാപനങ്ങൾ വെറും പ്രഹസനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2026-ൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Story Highlights: V.D. Satheesan alleges that the LDF government is deceiving the people during the election time.



















