തിരുവനന്തപുരം കോർപ്പറേഷൻ മേഖലയിൽ സർക്കാർ ജീവനക്കാരുടെ ക്ഷേമപെൻഷൻ തട്ടിപ്പ് വ്യാപകം എന്ന് സി&എജി റിപ്പോർട്ട്. സംസ്ഥാനത്താകെ 9201 പേർ സർക്കാരിനെ വഞ്ചിച്ച് ക്ഷേമപെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തി. ഇതിൽ തന്നെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ 347 പേർ 1.53 കോടി രൂപ തട്ടിയെടുത്തു.
കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 169 പേരും, കൊച്ചി കോർപ്പറേഷനിൽ 70 പേരും തട്ടിപ്പിൽ പങ്കാളികളായി. മുനിസിപ്പാലിറ്റികളിൽ ആലപ്പുഴയിലാണ് കൂടുതൽ തട്ടിപ്പുകാർ – 185 പേർ. തിരുവനന്തപുരം നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ 68 പേരും ഉൾപ്പെട്ടു. പഞ്ചായത്തുകളിൽ ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി, മാരാരിക്കുളം എന്നിവിടങ്ങളിലാണ് കൂടുതൽ തട്ടിപ്പുകാർ.
#image1#
ക്ഷേമപെൻഷൻ തട്ടിപ്പിനെതിരെ സർക്കാർ കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യൽ ഓഡിറ്റ് നടത്തും. ഗുണഭോക്താക്കളുടെ വിവരങ്ങൾ വിശദമായി പരിശോധിക്കും. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽ നിന്ന് ശേഖരിച്ച് പരിശോധിക്കും. അനർഹർ കയറിക്കൂടാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും. പെൻഷൻ വിതരണത്തിന് വാർഷിക മസ്റ്ററിങ് നിർബന്ധമാക്കും. ഫേസ് ഓതന്റിക്കേഷൻ, വരുമാന സർട്ടിഫിക്കറ്റ്, ആധാർ എന്നിവ നിർബന്ധമാക്കാനും ആലോചനയുണ്ട്. ക്ഷേമപെൻഷൻ മാനദണ്ഡങ്ങൾ പരിഷ്കരിക്കാനും സർക്കാർ ആലോചിക്കുന്നു.
Story Highlights: Thiruvananthapuram Corporation area tops in welfare pension fraud by government employees