2024-ൽ കേരള സർവകലാശാലയിൽ നടന്ന എംബിഎ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവത്തിൽ അധ്യാപകനെതിരെ ഗുരുതര നടപടിക്ക് സർവകലാശാല ശുപാർശ ചെയ്തു. പി പ്രമോദ് എന്ന അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നാണ് സർവകലാശാല അന്വേഷണ സമിതിയുടെ റിപ്പോർട്ട്. അധ്യാപകന്റെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും പോലീസ് അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. 71 എംബിഎ വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ പ്രോജക്റ്റ് ഫിനാൻസ് ഉത്തരക്കടലാസാണ് നഷ്ടമായത്.
പുനഃപരീക്ഷയ്ക്ക് ചെലവായ തുക അധ്യാപകൻ ജോലി ചെയ്ത സഹകരണ സ്ഥാപനത്തിൽ നിന്ന് ഈടാക്കുമെന്ന് സർവകലാശാല അറിയിച്ചു. സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത എല്ലാ അധ്യാപകർക്കും പ്രത്യേക ഐഡി നൽകാനും അധ്യാപക നിയമനത്തിനുള്ള യോഗ്യത മാനദണ്ഡം പരിശോധിക്കാനും അന്വേഷണ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ബൈക്ക് യാത്രക്കിടയിലാണ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടതെന്നും പിറ്റേന്ന് തന്നെ സർവകലാശാലയെ ഇക്കാര്യം അറിയിച്ചെന്നുമായിരുന്നു അധ്യാപകന്റെ മൊഴി.
ഉത്തരക്കടലാസ് നഷ്ടമായ സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ വിസി നിർദേശിച്ചിരുന്നു. എന്നാൽ, കോളേജ് മാനേജ്മെന്റ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് മൂല്യനിർണയത്തിൽ നിന്നും ഡിബാർ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു. രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അധ്യാപകൻ മൊഴി നൽകിയത്. ഈ മൊഴിയിലെ വൈരുദ്ധ്യമാണ് അന്വേഷണ സമിതിയെ പോലീസ് അന്വേഷണത്തിന് ശുപാർശ ചെയ്യാൻ പ്രേരിപ്പിച്ചത്.
ഇന്നലെയാണ് ഉത്തരക്കടലാസ് നഷ്ട്ടമായ വിഷയത്തിന്റെ പുനഃപരീക്ഷ നടന്നത്. 71 പേരിൽ 65 വിദ്യാർഥികളാണ് പരീക്ഷയെഴുതാൻ എത്തിയത്. ആറ് കേന്ദ്രങ്ങളിലായിട്ടായിരുന്നു പരീക്ഷ. പരീക്ഷ എഴുതാൻ എത്താത്തവർക്ക് വേണ്ടി മറ്റൊരു ദിവസത്തേക്ക് പരീക്ഷ മാറ്റി ക്രമീകരിച്ചിട്ടുണ്ട്. ശിപാർശ നടപ്പിലാക്കാൻ തന്നെയാണ് സർവകലാശാലയുടെ തീരുമാനം. അധ്യാപകനെ പിരിച്ചുവിടുന്നതിനൊപ്പം പുനഃപരീക്ഷാ ചെലവും ഈടാക്കും.
Story Highlights: Kerala University recommends dismissing a teacher after MBA answer sheets were lost.