കേരള സർവകലാശാല നാല് വർഷ ഡിഗ്രി കോഴ്സ് വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫീസ് ഇരട്ടിയാക്കി. ഒരു സെമസ്റ്ററിൽ എഴുതുന്ന പരീക്ഷ വിഷയങ്ങളുടെ എണ്ണം അനുസരിച്ച് 1300 രൂപ മുതൽ 1800 രൂപ വരെ ഫീസ് നൽകേണ്ടി വരും. കഴിഞ്ഞ വർഷം 550 രൂപയായിരുന്നതാണ് ഇത്തവണ കുത്തനെ കൂട്ടിയത്. പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾക്ക് പേപ്പറിന് 150 രൂപയും, പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾക്ക് 250 രൂപയുമാണ് പരീക്ഷ ഫീസ്. കൂടാതെ പരീക്ഷ മൂല്യനിർണയത്തിന് 300 രൂപയും മാർക്ക് ഷീറ്റിന് 75 രൂപയും അടയ്ക്കണം.
നാല് വർഷ കോഴ്സുകളിൽ പ്രധാന വിഷയങ്ങൾക്ക് എല്ലാം പ്രാക്ടിക്കലും ഉണ്ടാകും. ഈ രീതിയിൽ നോക്കിയാൽ ആർട്സ് വിഷയങ്ങൾക്ക് തന്നെ 1300 രൂപവരെ ഫീസ് അടയ്ക്കണം. പ്രാക്ടിക്കൽ കൂടുതലുള്ള വിഷയമാണെങ്കിൽ ഇനിയും കൂടും. ഉദാഹരണത്തിന് സുവോളജി ഒന്നാം സെമസ്റ്റർ വിദ്യാർത്ഥി 1775 രൂപ വരെ പരീക്ഷ ഫീസ് അടയ്ക്കണം.
ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പ്രാക്ടിക്കൽ ഉണ്ടെങ്കിൽ 300 ഉം, ഇല്ലെങ്കിൽ 200 രൂപയുമാണ് ഒരു പേപ്പറിന് പരീക്ഷ ഫീസ് അടയ്ക്കേണ്ടത്. സപ്ലിമെന്ററി പരീക്ഷയ്ക്ക് 300 മുതൽ 350 രൂപ വരെ ഫീസ് ഉയരും. സപ്ലിമെന്ററിക്കും, ഇംപ്രൂവ്മെന്റിനും മാർക്ക് ഷീറ്റിന് 500 രൂപയും നൽകണം. മൂന്ന് വർഷ ഡിഗ്രി കോഴ്സുകൾക്കാകട്ടെ 505 രൂപ മാത്രമാണ് പരീക്ഷാ ഫീസായി അടയ്ക്കേണ്ടത്. ഫീസ് ഉയർത്തിയതിൽ പരാതികൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് വൈസ് ചാൻസലർ ഡോക്ടർ മോഹനൻ കുന്നുമ്മേൽ പ്രതികരിച്ചു.
Story Highlights: Kerala University doubles exam fees for four-year degree courses, raising concerns among students.