കേരളത്തിലെ വാഹന രജിസ്ട്രേഷൻ രീതിയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരാൻ പോകുന്നു. നിലവിൽ വാഹന ഉടമയുടെ താമസ സ്ഥലത്തിനനുസരിച്ച് മാത്രമേ വാഹനം രജിസ്റ്റർ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇനി മുതൽ സംസ്ഥാനത്തെ ഏത് ട്രാൻസ്പോർട്ട് ഓഫീസിൽ നിന്നും വാഹനം രജിസ്റ്റർ ചെയ്യാൻ കഴിയും. ഇതിനായി ബി എച്ച് രജിസ്ട്രേഷന് സമാനമായി ഏകീകൃത നമ്പർ സംവിധാനം നടപ്പിലാക്കാനാണ് മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നത്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പഠനത്തിനായി ഒരു സാങ്കേതിക സമിതിയെ രൂപീകരിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിലെ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെയാണ് ഈ സമിതിയുടെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
അതേസമയം, ഡ്രൈവിംഗ് ടെസ്റ്റ് രീതികളിലും വൻ മാറ്റങ്ങൾ വരുത്താൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നിലവിലെ ‘എച്ച്’ ഉം ‘8’ ഉം മാത്രം എടുക്കുന്ന രീതി മാറ്റി കൂടുതൽ സമഗ്രമായ പരീക്ഷണ രീതികൾ നടപ്പിലാക്കും. ആദ്യഘട്ടത്തിൽ ലേണേഴ്സ് ടെസ്റ്റ് പരിഷ്കരിക്കും. നെഗറ്റീവ് മാർക്ക് ഉൾപ്പെടെയുള്ള മാറ്റങ്ങളോടെ തിയറി പരീക്ഷ കൂടുതൽ വിപുലമാക്കും. റോഡ് ടെസ്റ്റ്, ‘എച്ച്’, ‘8’ ടെസ്റ്റുകൾക്കും മാറ്റം വരുത്തും. ഈ പദ്ധതികൾ മൂന്നു മാസത്തിനകം നടപ്പിലാക്കുമെന്ന് ഗതാഗത കമ്മീഷണർ സി.എച്ച്. നാഗരാജ് അറിയിച്ചു. വർധിച്ചുവരുന്ന റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരം കർശന മാറ്റങ്ങൾ നടപ്പിലാക്കുന്നത്.
Story Highlights: Kerala to implement unified vehicle registration system allowing registration from any RTO office in the state