സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സർക്കാർ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടർക്ക് നിയന്ത്രണം സംബന്ധിച്ച കത്ത് കൈമാറി. ഇനിയൊരു അറിയിപ്പുണ്ടാകും വരെ അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ മാറി നൽകില്ല. നേരത്തെ ഈ പരിധി 25 ലക്ഷമായിരുന്നു.
ഓണക്കാല ചെലവുകൾക്ക് പിന്നാലെയാണ് സംസ്ഥാന ഖജനാവ് പ്രതിസന്ധിയിലായത്. തദ്ദേശ സ്ഥാപനങ്ങളെയും കരാറുകാരെയും ഈ നിയന്ത്രണം ബാധിക്കും. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ജൂൺ 24-നാണ് ബിൽ മാറ്റ പരിധി 25 ലക്ഷമാക്കി ഉയർത്തിയത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി കനത്തതോടെ വീണ്ടും പഴയപടി നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം ശമ്പളം, പെൻഷൻ, മരുന്നുവാങ്ങൽ ചെലവുകൾ എന്നിവ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Story Highlights: Kerala government imposes treasury control, limiting bill payments to 5 lakhs due to financial crisis