സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും ഒന്നാമത്

Anjana

കേരളം വീണ്ടും സുസ്ഥിര വികസന സൂചികയിൽ ഇന്ത്യയിൽ ഒന്നാമതെത്തി. നീതി ആയോഗ് തയ്യാറാക്കുന്ന ഈ പട്ടികയിൽ 16 വികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളെ വിലയിരുത്തുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, അസമത്വം, ഊർജം, വ്യവസായം, പരിസ്ഥിതി, ശുദ്ധജലം തുടങ്ങിയവയാണ് പരിഗണിക്കുന്ന പ്രധാന മേഖലകൾ. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെയാണ് ഈ നേട്ടം പങ്കുവെച്ചത്.

പുതിയ വികസന സൂചികയിൽ കേരളം 79 പോയിന്റ് നേടി. 2020-21 ലെ സൂചികയിൽ 75 പോയിന്റായിരുന്നു സംസ്ഥാനത്തിന്. നാല് പോയിന്റിന്റെ വർധനവാണ് ഉണ്ടായത്. ഉത്തരാഖണ്ഡും 79 പോയിന്റോടെ കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്നു. തമിഴ്നാട് 78 പോയിന്റോടെ രണ്ടാം സ്ഥാനത്തും ഗോവ 77 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്. ബീഹാറാണ് ഏറ്റവും പിന്നിൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ നേട്ടം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ജനക്ഷേമ, സാമൂഹ്യപുരോഗതി പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേന്ദ്രഭരണ പ്രദേശങ്ങളിൽ ഛണ്ഡീഗഢ്, ജമ്മു ആൻഡ് കശ്മീർ, പുതുച്ചേരി, ആൻഡമാൻ ആൻഡ് നിക്കോബാർ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ജാർഖണ്ഡിന് 62 പോയിന്റും നാഗാലാൻഡിന് 63 പോയിന്റുമാണ് ലഭിച്ചത്.