വിദ്യാർത്ഥികളുടെ ശാരീരികക്ഷമത ഉറപ്പുവരുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമ്മപദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഏപ്രിൽ 29 ലോക സൂംബാ ദിനത്തിൽ വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ആയിരം വിദ്യാർത്ഥികളുടെ മെഗാ സൂംബാ ഡിസ്പ്ലേയും സംഘടിപ്പിക്കും.
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ആഴ്ചയിൽ 150 മുതൽ 300 മിനിറ്റ് വരെ കുട്ടികൾ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നാണ് നിർദ്ദേശം. സമാനമായ നിർദ്ദേശം മുഖ്യമന്ത്രിയുടെ യോഗത്തിലും ഉയർന്നുവന്നിരുന്നു. പ്രീ-പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള എല്ലാ കുട്ടികൾക്കും ദിവസവും നിശ്ചിത സമയം കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കും. കേരളത്തിലെ എല്ലാ കുട്ടികളും ഒരു ദിവസം ഒരേ സമയം ഒരേ രീതിയിലുള്ള കായിക പ്രവർത്തനങ്ങൾ ചെയ്യുന്ന മാസ് കായിക പ്രവർത്തന ക്യാമ്പയിനും സംഘടിപ്പിക്കും.
പ്രീ-പ്രൈമറി, പ്രൈമറി ക്ലാസുകളിൽ SCERT രൂപപ്പെടുത്തിയ ഹെൽത്തി കിഡ്സ് പദ്ധതി വരുന്ന അധ്യയന വർഷം എല്ലാ സ്കൂളുകളിലും നടപ്പാക്കും. ഇതിനായി സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂൾ അധ്യാപകർക്കും അവധിക്കാല പരിശീലനം നൽകും. എട്ടാം ക്ലാസിൽ രണ്ട് പിരീഡും, 9, 10 ക്ലാസുകളിൽ ഓരോ പിരീഡ് വീതവും ആരോഗ്യ-കായിക വിദ്യാഭ്യാസത്തിനായി നീക്കിവെച്ചിട്ടുണ്ട്. ഈ പിരീഡുകൾ കുട്ടികൾക്ക് കളിക്കാനുള്ള അവസരമായി മാറണമെന്നും മന്ത്രി നിർദ്ദേശിച്ചു.
അപ്പർ പ്രൈമറി തലത്തിൽ ആഴ്ചയിൽ മൂന്ന് ആരോഗ്യ-കായിക വിദ്യാഭ്യാസ പിരീഡുകളിൽ കുട്ടികൾക്ക് കളികളിൽ ഏർപ്പെടാനുള്ള അവസരം ഉറപ്പാക്കും. ഹയർസെക്കൻഡറി തലത്തിൽ ആഴ്ചയിൽ രണ്ട് പിരീഡുകൾ കായിക വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചിട്ടുണ്ട്. സ്കൂൾ പ്രവർത്തനത്തിലെ അവസാന പിരീഡ് എല്ലാ അധ്യാപകരും ഒത്തുചേർന്ന് കുട്ടികൾക്ക് കായിക പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള അവസരം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
സ്കൂളുകളിൽ സ്പോർട്സ് ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ ഹൗസുകൾ തമ്മിലുള്ള ഇന്റർ ഹൗസ്/ ഇന്റർ ക്ലാസ് കായിക മത്സരങ്ങൾ സംഘടിപ്പിക്കണം. കേരളത്തിൽ ചരിത്ര വിജയമായി മാറിയ ഒളിമ്പിക്സ് മാതൃകയിൽ സ്കൂൾ തലം മുതൽ ജില്ലാതലം വരെ ഒളിമ്പിക്സ് മാതൃകയിലുള്ള കായികമേള സംഘടിപ്പിക്കാനും നടപടികൾ കൈക്കൊള്ളും. സമ്പൂർണ്ണ കായിക ക്ഷമതാ പദ്ധതി കൂടുതൽ സജീവമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി പ്രത്യേക ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് ബാറ്ററി രൂപീകരിക്കാൻ SCERTയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആയിരം പൊതുവിദ്യാലയങ്ങളിൽ കായിക പരിശീലനം നൽകുന്നതിന് പ്രത്യേക ഡേ ബോർഡിങ് സ്കീം ആരംഭിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ആരോഗ്യ-കായിക രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി എല്ലാ വിഭാഗം കുട്ടികൾക്കും ചെയ്യാൻ കഴിയുന്ന വ്യായാമ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ വീഡിയോകളും തയ്യാറാക്കും.
Story Highlights: Kerala’s Education Department will implement a special action plan to ensure students’ physical fitness, including a mega Zumba display on April 29th.