ആദ്യ അലോട്ട്മെന്റ് കഴിഞ്ഞ ശേഷം ബാച്ചുകൾ പുനഃ ക്രമീകരിക്കും.
തിരുവനന്തപുരം◾ സ്റ്റേറ്റ് സിലബസിലെ സ്കൂളുകളിൽ അടുത്ത അധ്യയന വർഷത്തിൽ മുൻകൂറായി അധിക ബാച്ചുകൾ അനുവദിക്കില്ല. ആദ്യ ഘട്ട അലോട്ട്മെന്റിനു ശേഷം ആവശ്യാനുസരണം ബാച്ചുകൾ ക്രമീകരിക്കും. അധികമായി ബാച്ച് ക്രമീകരിക്കാതെ കുട്ടികൾ കുറവുള്ളതും ഒഴിഞ്ഞു കിടക്കുന്നതുമായ ബാച്ചുകൾ പരമാവധി അംഗ സംഖ്യയിലേക്ക് എത്തിക്കാനാണ് തീരുമാനം. അതിനു ശേഷം സീറ്റ് കുറവുണ്ടെങ്കിൽ മാത്രം അധിക ബാച്ച് അനുവദിക്കുന്നത് ഉൾപ്പെടെ പരിശോധിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വിശദമാക്കിയത്.
കഴിഞ്ഞ വർഷങ്ങളിൽ അധികമായി അനുവദിച്ച 178 താൽക്കാലിക ബാച്ചുകളും മാർജിനൽ സീറ്റുകളും അടക്കം 73,724 സീറ്റുകൾ മുൻകൂറായി നിലനിർത്തി പ്രവേശനം നടത്തിയിട്ടും മലബാർ മേഖലയിൽ സീറ്റ് ക്ഷാമം ഉണ്ടായിരുന്നു. ഇതു വിവാദമായി. പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങി. ആവശ്യക്കാർ കൂടുതലുള്ള വിഷയങ്ങളിൽ വേണ്ടത്ര സീറ്റ് ലഭ്യമല്ലാതിരുന്നതാണ് പ്രശ്നം. തുടർന്ന് മലപ്പുറത്ത് 120 ബാച്ചുകളും കാസർകോട്ട് 18 ബാച്ചുകളും കൂടി സപ്ലിമെന്ററി ഘട്ടത്തിൽ അനുവദിച്ചാണ് പ്രശ്നം പരിഹരിച്ചത്. ഈ സാഹചര്യം നിലനിൽക്കേയാണ് ഇത്തവണ ഒരു ബാച്ച് പോലും അധികമായി വേണ്ടെന്ന തീരുമാനത്തിൽ സർക്കാർ എത്തിയിരിക്കുന്നത്. ഹയർ സെക്കൻഡറി മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാരുടെ നേതൃത്വത്തിലുള്ള ജില്ലാ തല കമ്മിറ്റികളുടെയും പൊതു വിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷനായ സംസ്ഥാന കമ്മിറ്റിയുടെയും നിർദ്ദേശാനുസരണമാണ് ഉത്തരവ് പുറത്തിറക്കിയത്. എല്ലാ ജില്ലകളിലുമായി കഴിഞ്ഞ വർഷം 54,996 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാരണം കൊണ്ട് തന്നെ അധിക ബാച്ചുകൾ നേരത്തെ പ്രഖ്യാപിച്ചാൽ സീറ്റൊഴിഞ്ഞ കിടക്കുന്ന സാഹചര്യം വീണ്ടും ഉണ്ടാകുമെന്നാണ് നിരീക്ഷണം. മലപ്പുറത്ത് മാത്രം 7922 സീറ്റുകൾ ഒഴിഞ്ഞു കിടന്നുവെന്നും റിപ്പോർട്ടിലുണ്ട്. Story Highlights: Kerala’s education department won’t pre-approve extra batches in state syllabus schools for the next academic year, aiming to fill existing vacancies first.