ഇന്ന്, എസ്എസ്എൽസി, രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് സംസ്ഥാനവ്യാപകമായി തുടക്കമായി. 4,27,021 വിദ്യാർത്ഥികൾ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നുണ്ട്. ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. എസ്എസ്എൽസി പരീക്ഷ രാവിലെ 9:30 മുതൽ 11:45 വരെയാണ്.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേർന്നു. ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. ഹയർ സെക്കൻഡറി പരീക്ഷകൾ ഉച്ചക്ക് ശേഷം നടക്കും.
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്, 28,358 പേർ. ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്, 1893 പേർ. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസിൽ ആണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്നത്, 2,017 പേർ.
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ ഫോർട്ട് ഗവ. സംസ്കൃതം എച്ച്എസിൽ ആണ് ഏറ്റവും കുറച്ച് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്, ഒരു കുട്ടി മാത്രം. ഏപ്രിൽ മൂന്ന് മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടക്കും.
സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണയ ക്യാംപുകളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. പരീക്ഷകൾക്ക് വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്തിരിക്കുന്നത്.
Story Highlights: SSLC and Higher Secondary exams begin today in Kerala with over 4 lakh students participating.