കേരളത്തിൽ പകർച്ചപ്പനി വ്യാപനം: ഒരു ദിവസം 12,508 പേർ ചികിത്സ തേടി

Anjana

സംസ്ഥാനത്ത് പകർച്ചപ്പനി സാഹചര്യം ഗുരുതരമായി തുടരുകയാണ്. ബുധനാഴ്ച മാത്രം 12,508 പേർ വിവിധ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടി. ഡെങ്കി, എലിപ്പനി, മലമ്പനി എന്നിവയ്ക്ക് പുറമേ വെസ്റ്റ് നൈൽ, H1N1 തുടങ്ങിയ പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന പനി ബാധിതർ സ്വയം ചികിത്സ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി.

കൊച്ചിയിൽ ഡെങ്കിപ്പനി കേസുകൾ ഗണ്യമായി വർധിച്ചിരിക്കുന്നു. എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ 1,252 പേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടി. കളമശ്ശേരി നഗരസഭ പരിധിയിൽ മാത്രം ഡെങ്കി ബാധിതരുടെ എണ്ണം 200 കവിഞ്ഞു. വരും ദിവസങ്ങളിൽ ഡെങ്കി കേസുകൾ കൂടുതൽ വർധിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് സർക്കാർ ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്തെ പകർച്ചപ്പനി സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല എന്നത് ആശങ്കാജനകമാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കേണ്ടതും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതും അത്യാവശ്യമാണ്.