തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലും അനുബന്ധ വേദികളിലുമായി ഡിസംബർ 8, 9, 10 തീയതികളിൽ രണ്ടാം അന്താരാഷ്ട്ര നിർമിതബുദ്ധി കോൺക്ലേവ് നടക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത് നിർമ്മിത ബുദ്ധി (എ.ഐ) തുറന്നിടുന്ന ഭാവിസാധ്യതകളാണ് ഈ കോൺക്ലേവിൽ ചർച്ച ചെയ്യുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഐ എച്ച് ആർ ഡിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കോൺക്ലേവിന്റെ വിശദാംശങ്ങൾ https://icgaife2.ihrd.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. https://icgaife2.ihrd.ac.in/index.php/registration എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും സൗജന്യമായി പ്രവേശനം ലഭിക്കും. ദേശീയ, അന്തർദേശീയ തലങ്ങളിലെ സാങ്കേതിക വിദഗ്ധർ, നയരൂപീകരണ വിചക്ഷണർ, സർക്കാർ-സ്വകാര്യ മേഖലകളിലെ ഉന്നതോദ്യോഗസ്ഥർ എന്നിവർ കോൺക്ലേവിൽ പങ്കെടുക്കും.
നിർമിതബുദ്ധിയുടെ ശക്തിയും വിവിധ മേഖലകളിലെ പ്രയോഗസാധ്യതകളും, അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും കോൺക്ലേവിൽ ചർച്ച ചെയ്യപ്പെടും. നിർമിതബുദ്ധിയും നീതിന്യായ വ്യവസ്ഥിതിയും, മാധ്യമങ്ങളും, നിയമനിർമാണവും, യുവജന ശാക്തീകരണവും, ആരോഗ്യ പരിപാലനവും, വിദ്യാഭ്യാസവും, സിനിമയും തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക സെഷനുകൾ സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും എക്സിബിഷൻ സ്റ്റാളുകൾ, കലാ-സാംസ്കാരിക പരിപാടികൾ, ഫുഡ് കോർട്ട് എന്നിവയും കോൺക്ലേവിനോടനുബന്ധിച്ച് സംഘടിപ്പിക്കും.
Story Highlights: International AI Conclave in Kerala to discuss AI’s potential in higher education