സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമ്മേളനത്തിൽ ഉണ്ടായ അലങ്കോലങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. രണ്ടാഴ്ചക്കകം സമിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി എം ഐ മീനാംബിക, ജോയിന്റ് സെക്രട്ടറി ബിജു കുമാർ ബി ടി, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ എന്നിവരാണ് സമിതി അംഗങ്ങൾ. തിരുനാവായ നാവാ മുകുന്ദ, കോതമംഗലം മാർ ബേസിൽ എന്നീ സ്കൂളുകളോട് വിശദീകരണം തേടാനും യോഗം തീരുമാനിച്ചു.
മേളയിൽ സ്പോർട്സ് സ്കൂളുകളും ജനറൽ സ്കൂളുകളും ഒരുമിച്ച് മത്സരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മികച്ച സ്കൂളിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കം പരിഹരിക്കാൻ കായികരംഗത്തെ വിദഗ്ധർ അടങ്ങുന്ന മറ്റൊരു സമിതിയെയും നിയോഗിക്കാൻ തീരുമാനിച്ചു. ഈ സമിതി നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ മാന്വൽ പരിഷ്കരണം അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും യോഗം വ്യക്തമാക്കി.
Story Highlights: Kerala government forms three-member committee to investigate state school sports meet controversy