സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന വേദിയിൽ വിദ്യാർഥികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പോയിന്റ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. കോതമംഗലം മാർ ബേസിൽ സ്കൂളും തിരുനാവായ നാവാമുകുന്ദ സ്കൂളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പോയിന്റ് കണക്കുകൂട്ടിയതിൽ പ്രശ്നമുണ്ടെന്നും കപ്പ് തരാതെ ഇവിടെ നിന്ന് പിരിഞ്ഞുപോകില്ലെന്നും രണ്ട് സ്കൂളിലെ വിദ്യാർഥികൾ നിലപാടെടുത്തു.
മുദ്രാവാക്യം വിളികളുമായി വിദ്യാർഥികൾ സമാപന സമ്മേളനസ്ഥലത്ത് ശക്തമായ പ്രതിഷേധമുയർത്തി. കിരീടം നൽകുന്നതിൽ സ്പോർട്സ് സ്കൂളുകളെ പരിഗണിച്ചതിലാണ് വിദ്യാർഥികൾ പ്രതിഷേധമുയർത്തിയത്. മികച്ച സ്കൂളുകളുടെ പട്ടികയിൽ ജിവി രാജയെ പരിഗണിച്ചെന്ന് ചൂണ്ടിക്കാട്ടിയിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. പൊലീസ് വിദ്യാർഥികളെ തടയാൻ ശ്രമിച്ചപ്പോൾ സംഘർഷം രൂക്ഷമായി.
പൊലീസ് വിദ്യാർഥികളേയും കോച്ചിനേയും മർദിച്ചെന്ന് കുട്ടികൾ ആരോപിച്ചു. പെൺകുട്ടികളെ ഉൾപ്പെടെ പൊലീസ് പിടിച്ചുതള്ളിയെന്നും കുട്ടികൾ ആരോപണം ഉന്നയിച്ചു. പൊലീസ് വിദ്യാർഥികളെ അസഭ്യം പറഞ്ഞെന്നും കുട്ടികൾ ട്വന്റിഫോറിനോട് പറഞ്ഞു. എന്നാൽ കുട്ടികളെ പൊലീസ് മർദിച്ചിട്ടില്ലെന്നാണ് പൊലീസ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. വിദ്യാർഥികളെ പൊലീസ് മർദിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് സ്കൂളുകളുടേയും അധികൃതർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകി.
Story Highlights: Conflict erupts between students and police at state school sports festival over point allocation dispute