സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിനം സാക്ഷ്യം വഹിച്ചത് ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ്. മലപ്പുറവും പാലക്കാടും തമ്മിലാണ് കടുത്ത മത്സരം നടക്കുന്നത്. 30 പോയിന്റുമായി മലപ്പുറം ഒന്നാം സ്ഥാനത്തും, 29 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുമാണ്. മലപ്പുറത്തിന് നാല് സ്വർണം, രണ്ട് വെള്ളി, നാല് വെങ്കലം എന്നിവയും, പാലക്കാടിന് നാല് സ്വർണം, ഒരു വെള്ളി, ആറ് വെങ്കലം എന്നിവയുമാണുള്ളത്.
ദിവസത്തിലെ ആദ്യ സ്വർണം കോഴിക്കോടിന് ലഭിച്ചു. ജൂനിയർ ആൺകുട്ടികളുടെ 5 കിലോമീറ്റർ നടത്തത്തിൽ എസ് ജി എച്ച് എസ് എസ് കുളത്തുവയൽ സ്കൂളിലെ ആദിത്ത് വി അനിലാണ് സ്വർണം നേടിയത്. ജൂനിയർ പെൺകുട്ടികളുടെ മൂന്ന് കിലോമീറ്റർ നടത്തത്തിൽ മലപ്പുറത്തിനു വേണ്ടി ആലത്തിയൂർ കെഎച്എംഎച്ച്എസ്എസിലെ പി നിരഞ്ജന സ്വർണം സ്വന്തമാക്കി. കോതമംഗലം മാർ ബേസിൽ എച്ച്എസ്എസ് 19 പോയിന്റുമായി മുന്നിട്ടുനിൽക്കുന്നു, തൊട്ടുപിന്നിൽ മുണ്ടൂർ എച്ച്എസ് (13), ഐഡിയൽ കടകശേരി (11) എന്നിവരാണ്.
ആദ്യദിനത്തിൽ മൂന്ന് മീറ്റ് റെക്കോർഡുകൾ സ്ഥാപിക്കപ്പെട്ടു. സീനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ തിരുവനന്തപുരം ജി വി രാജയിലെ മുഹമ്മദ് അഷ്‌ഫാഖ് (47.65 സെക്കൻഡ്), പോൾവോൾട്ടിൽ കോതമംഗലം മാർബേസിൽ സ്കൂളിലെ ശിവദേവ് രാജീവ് (4.80 മീറ്റർ), 3000 മീറ്ററിൽ മലപ്പുറം ചീക്കോട് കെകെഎംഎച്ച്എസ്എസിലെ എം പി മുഹമ്മദ് അമീൻ (8 മിനിറ്റ് 37.69 സെക്കൻഡ്) എന്നിവരാണ് പുതിയ റെക്കോർഡുകൾ സ്ഥാപിച്ചത്. ഇന്ന് മീറ്റിൽ 16 ഫൈനൽ മത്സരങ്ങൾ നടക്കും.
Story Highlights: State School Athletic Meet sees fierce competition between Malappuram and Palakkad, with new records set on day one.