കേന്ദ്ര സർക്കാർ കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണത്തിനായുള്ള കേന്ദ്ര വിഹിതമാണിത്. കേരളത്തിന് സഹായം അനുവദിക്കുന്നില്ലെന്ന വിമർശനങ്ങൾക്കിടയിലാണ് ഈ പ്രഖ്യാപനം വന്നത്. എന്നാൽ, കേരളം ആവശ്യപ്പെട്ട അധിക സഹായത്തിന് ഇതുവരെ തീരുമാനമായിട്ടില്ല.
14 സംസ്ഥാനങ്ങൾക്കായി ആകെ 5858.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇതിൽ മഹാരാഷ്ട്രയ്ക്ക് 1492 കോടി രൂപ ലഭിച്ചു. വയനാട് ദുരന്തത്തിൽ വിശദമായ നിവേദനം കേരളം സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വയനാടിനായി അടിയന്തര ധനസഹായം ആവശ്യപ്പെട്ട് കേന്ദ്രത്തിന് മുന്നിൽ നിവേദനം സമർപ്പിച്ചിരുന്നു.
കഴിഞ്ഞദിവസം മൂന്ന് സംസ്ഥാനങ്ങൾക്കുള്ള പ്രളയ സഹായം കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തിന് 600 കോടി, മണിപ്പൂരിന് 50 കോടി, ത്രിപുരയ്ക്ക് 25 കോടി എന്നിങ്ങനെയായിരുന്നു അത്. കേരളം ഉൾപ്പെടുന്ന മറ്റു സംസ്ഥാനങ്ങൾക്ക് കേന്ദ്ര റിപ്പോർട്ട് പരിഗണിച്ച ശേഷം തുക അനുവദിക്കുമെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം. ഈ സാഹചര്യത്തിലാണ് കേരളത്തിന് 145.60 കോടി രൂപയുടെ സഹായം അനുവദിച്ചത്.
Story Highlights: Central government allocates Rs 145.60 crore flood relief to Kerala amid criticism of neglect