സംസ്ഥാനത്തെ റേഷൻ കാർഡ് മാസ്റ്ററിങ് ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകി. ഒന്നര മാസത്തിനകം മാസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ സംസ്ഥാനത്തിനുള്ള അരിവിതരണം നിർത്തിവയ്ക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഒക്ടോബർ 10-ന് മുൻപ് മാസ്റ്ററിംഗ് പൂർത്തിയാക്കുമെന്ന് പ്രതികരിച്ചു.
റേഷൻ കാർഡ് മാസ്റ്ററിങ് നേരത്തെ നടത്താൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചെങ്കിലും സർവർ തകരാർ മൂലം നിർത്തിവയ്ക്കുകയായിരുന്നു. ഇ-പോസ് മെഷീനിലൂടെ റേഷൻ വിതരണവും മാസ്റ്ററിങ്ങും ഒരേസമയം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മാസ്റ്ററിങ് പ്രക്രിയ റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഒക്ടോബർ 31-നകം മാസ്റ്ററിങ് പൂർത്തിയാക്കണമെന്ന് കാണിച്ച് കേന്ദ്രം സംസ്ഥാനത്തിന് കത്ത് നൽകി.
മറ്റന്നാൾ മുതൽ മാസ്റ്ററിങ് നടത്താനാണ് പൊതുവിതരണ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ജില്ലകളെ മൂന്നായി തരംതിരിച്ച് പ്രത്യേക തീയതികളിൽ ആയിരിക്കും മാസ്റ്ററിങ് നടത്തുക. റേഷൻ കടകൾക്ക് പുറമേ അംഗനവാടികൾ, സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക സൗകര്യം ഒരുക്കിയായിരിക്കും മാസ്റ്ററിങ് നടത്തുക. സെപ്റ്റംബർ 18 മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലും, 25 മുതൽ ഒക്ടോബർ 1 വരെ കൊല്ലം മുതൽ തൃശൂർ വരെയുള്ള ഏഴ് ജില്ലകളിലും, ഒക്ടോബർ 3 മുതൽ 8 വരെ ബാക്കി ജില്ലകളിലും മാസ്റ്ററിങ് നടക്കും.
Story Highlights: Kerala government directed to complete ration card mastering by October 31 or face rice supply suspension