വയനാട്ടിലെ മുണ്ടക്കൈയിൽ സംഭവിച്ച ഭീകരമായ ഉരുൾപൊട്ടലിൽ നിന്ന് 800 പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി രക്ഷാപ്രവർത്തകർ അറിയിച്ചു. റോപ്പ് മാർഗവും എയർ ലിഫ്റ്റും താൽക്കാലിക പാലവും ഉപയോഗിച്ച് നടത്തിയ ദീർഘമായ രക്ഷാപ്രവർത്തനത്തിലൂടെയാണ് ഇത്രയും പേരെ രക്ഷിച്ചത്. ഇതുവരെ 22 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്, കൂടാതെ അഞ്ച് മൃതദേഹങ്ങൾ കൂടി മാറ്റാനുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. കേന്ദ്ര സർക്കാരിൻ്റെ ഏജൻസികളുമായുള്ള ഏകോപനം, സേനാ വിഭാഗങ്ങളുടെ വിന്യാസം, ആരോഗ്യ-സുരക്ഷാ മുൻകരുതലുകൾ, ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ എന്നിവ ചർച്ച ചെയ്തു.
രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ എത്തിച്ചിരുന്നു. പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്തു. കരസേനയുടെ 130 അംഗ സംഘം ദുരന്തഭൂമിയിലെത്തി രക്ഷാപ്രവർത്തനം നടത്തി. ഒറ്റപ്പെട്ടവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനായി താത്ക്കാലിക പാലം നിർമിച്ചു. രാത്രിയോടെ ഇന്നത്തെ രക്ഷാപ്രവർത്തനം നിർത്തിവയ്ക്കാൻ സാധ്യതയുണ്ടെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.
Story Highlights: 800 people rescued from Mundakkai landslide in Wayanad, Kerala
Image Credit: twentyfournews