വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നതിനാൽ വയനാട് ബാണാസുര സാഗർ അണക്കെട്ടിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയർന്നതാണ് ഇതിന് കാരണം. കോഴിക്കോട് മലയോര മേഖലകളിൽ കാറ്റിൽ കനത്ത നാശനഷ്ടമുണ്ടായി. നിരവധി വീടുകൾ തകർന്നു. താമരശേരി ചുരത്തിൽ മരങ്ങൾ വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
കൊടുവള്ളി ആവിലോറയിൽ ട്രാൻസ്ഫോർമർ മരം വീണ് നിലംപൊത്തി. അടുത്ത കെട്ടിടത്തിന്റെ ഷീറ്റ് പറന്ന് വൈദ്യുതി ലൈനിൽ വീണു. കൊയിലാണ്ടി മേപ്പയൂർ കൊഴുക്കല്ലൂർ പുതുക്കുടിക്കണ്ടി രതീഷിന്റെ വീടിനു മുകളിലേക്ക് മരം വീണു. രതീഷും കുടുംബവും ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടമുണ്ടായത്. തലനാരിഴയ്ക്കാണ് അവർ രക്ഷപ്പെട്ടത്. ബാലുശ്ശേരി കോക്കല്ലൂരിൽ വീടിനു മുകളിൽ തെങ്ങു വീണ് മീത്തലെ ചാലിൽ കുമാരനും ഭാര്യ കാർത്തിക്കും പരുക്കേറ്റു. കുമാരന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട് പൂർണമായും തകർന്നു.
ഇടുക്കിയിൽ ആനച്ചാൽ രണ്ടാംമൈലിനടുത്ത് ചിത്തിരപുരത്ത് ഓടുന്ന വാഹനത്തിന് മുകളിലേക്ക് മരം വീണു. അടിമാലിയിൽ നിന്ന് മൂന്നാറിലേക്ക് പോകുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കേറ്റു. മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത മഴയും കാറ്റും മൂലം ജനജീവിതം ദുരിതത്തിലാണ്.