കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Anjana

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂര്‍, വയനാട്, പാലക്കാട്, കാസര്‍ഗോഡ് എന്നീ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (വെള്ളി) അവധി നല്‍കിയിട്ടുണ്ട്. മലപ്പുറം, ഇടുക്കി ജില്ലകളില്‍ പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറത്ത് അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇടുക്കിയിലെ ദേവികുളം താലൂക്കിലേയും ചിന്നക്കനാല്‍ പഞ്ചായത്തിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. കോഴിക്കോട് ജില്ലയില്‍, കനത്ത മഴയുടെ പശ്ചാത്തലത്തില്‍ അതത് പ്രദേശത്തെ സാഹചര്യങ്ങള്‍ വിലയിരുത്തി സ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, ജില്ലകളില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.