കേരളത്തിലെ നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ കളക്ടർമാർ ഈ തീരുമാനമെടുത്തത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ, വയനാട്ടിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗൻവാടികൾക്കും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്. എന്നാൽ, നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും പി. എസ്.
സി പരീക്ഷകൾക്കും അവധി ബാധകമല്ല. കാലാവസ്ഥാ വകുപ്പ് അടുത്ത രണ്ട് ദിവസം കൂടി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സാധാരണയിൽ കൂടുതൽ മഴയാണ് പെയ്തത്.
ഒരു ദിവസം ശരാശരി 69. 6 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്ത മഴ ഈ കാലവർഷ സീസണിലെ ഏറ്റവും കൂടുതലാണ്. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്.
103 മില്ലിമീറ്റർ മഴയാണ് അവിടെ പെയ്തത്.