കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട് എന്നീ ആറു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു.
കേരള കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലക്കും കള്ള കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടുക്കിയിൽ പുഴയിൽ വീണ് താളുംകണ്ടം സ്വദേശി സനീഷ് (23) മരിച്ചു. ആലപ്പുഴയിൽ മരം വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഉനൈസ് (30) മരണമടഞ്ഞു. തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി അലോഷ്യസും മരിച്ചു. ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.