കേരളത്തിൽ അടുത്ത അഞ്ചുദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് എട്ട് ജില്ലകളിലായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മോശം കാലാവസ്ഥ മൂലം തെക്കൻ കേരളത്തിലും ലക്ഷദ്വീപ് തീരങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ കാറ്റിന്റെ സാധ്യതയാൽ തീരദേശവാസികളും മലയോര മേഖലയിലുള്ളവരും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ (പരമാവധി 50 കിലോമീറ്റർ വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇടിമിന്നലിന്റെ ഭാഗമായുള്ള ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
Story Highlights: കേരളത്തിൽ അടുത്ത അഞ്ചുദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.
Image Credit: twentyfournews