പൊതുമരാമത്ത് വകുപ്പിൽ ക്ഷേമപെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് വൻ നടപടി. 31 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമാണ് ഈ നടപടി സ്വീകരിച്ചത്. അനധികൃതമായി പെൻഷൻ കൈപ്പറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ നടപടിക്ക് തീരുമാനമായത്. അനർഹമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം ഉദ്യോഗസ്ഥർ തിരിച്ചടയ്ക്കണമെന്നും നിർദേശമുണ്ട്.
പിഡബ്ല്യൂഡി ചീഫ് എഞ്ചിനിയറാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ അടക്കം 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ധനവകുപ്പിന്റെ നിർദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് ഈ ഗുരുതരമായ തട്ടിപ്പ് വെളിച്ചത്തു വന്നത്. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ സഹിതം തിരിച്ചുപിടിക്കാനാണ് ധനവകുപ്പിന്റെ നിർദേശം.
ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കമുള്ളവരാണ് ഈ തട്ടിപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്. കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാർ, ഹയർ സെക്കൻഡറി അധ്യാപകർ തുടങ്ങിയവരും ക്ഷേമപെൻഷൻ അനധികൃതമായി വാങ്ങുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ആരോഗ്യവകുപ്പിലാണ് ഏറ്റവും കൂടുതൽ പേർ (373) ക്ഷേമപെൻഷൻ തട്ടിപ്പ് നടത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത് (224 പേർ). ഈ തട്ടിപ്പിലൂടെ മാസംതോറും 23 ലക്ഷത്തിലധികം രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് നഷ്ടമായത്. ഒരു വർഷത്തെ കണക്കെടുത്താൽ ഇത് രണ്ടേകാൽ കോടി രൂപയോളം വരും.
Story Highlights: Kerala Public Works Department suspends 31 employees in welfare pension fraud case