കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ എം.ഡി.എം.എ കൈവശം വെച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടിപ്പറമ്പിൽ വീട്ടിൽ മാത്യു എബ്രഹാം (35) എന്ന യുവാവിനെയാണ് ഏറ്റുമാനൂർ പോലീസ് പിടികൂടിയത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.71 ഗ്രാം എം.ഡി.എം.എയുമായാണ് ഇയാൾ അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് നടപടി. ഏറ്റുമാനൂർ മേഖലയിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ അൻസൽ എ.എസ്, എസ്.ഐമാരായ അഖിൽദേവ്, മനോജ്, എ.എസ്.ഐ സജി, സി.പി.ഒമാരായ ജ്യോതി കൃഷ്ണൻ, വിനീഷ് കെ.യു, ജോസ്, ബാലഗോപാൽ, ഡെന്നി, അജിത്ത്, എം.വിജയൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അതേസമയം, തൃശ്ശൂർ വടക്കാഞ്ചേരിയിലും കഴിഞ്ഞ ദിവസം പൊലീസ് വൻ കഞ്ചാവ് വേട്ട നടത്തി. പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന 80 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ മൂന്നുപേർ പിടിയിലായി. ധർമ്മപുരി സ്വദേശികളായ പൂവരശ്, മണി, ദിവിത്ത് എന്നിവരാണ് അറസ്റ്റിലായത്.
വടക്കാഞ്ചേരി, എരുമപ്പെട്ടി, കുന്നംകുളം മേഖലകളിൽ വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് ഓർഡർ നൽകി എത്തിച്ച ആളുകൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വടക്കാഞ്ചേരി സി.ഐ റിജിൻ എം തോമസ്, ഗുരുവായൂർ സി.ഐ പ്രേമാനന്ദകൃഷ്ണൻ, എസ്.ഐമാരായ അനുരാജ് പ്രദീപ്, എ.എസ്.ഐ ജിജേഷ്, എസ്.സി.പി.ഒ അരുൺ, ബാബു, ഹോം ഗാർഡ് ഓമനക്കുട്ടൻ, സിറ്റി ഡാൻസാഫ് ടീം എന്നിവർ സംയുക്തമായാണ് കഞ്ചാവ് പിടികൂടിയത്.
Story Highlights: Police arrest man with MDMA in Ettumanoor, seize 80 kg cannabis in Thrissur