സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണം ഭീകര പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നുവെന്ന് പൊലീസിന്റെ വെബ്സൈറ്റിൽ പറയുന്നുണ്ടെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന പൊലീസ് തള്ളിക്കളഞ്ഞു. തങ്ങളുടെ വെബ്സൈറ്റിൽ അത്തരമൊരു പരാമർശം ഇല്ലെന്നും പിടിച്ചെടുത്ത സ്വർണത്തിന്റെയും പണത്തിന്റെയും കണക്കു മാത്രമാണ് പ്രസിദ്ധീകരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഗവർണറുടെ പ്രതികരണം ചർച്ചയായതിന് പിന്നാലെയാണ് പൊലീസിന്റെ വിശദീകരണം പുറത്തുവന്നത്.
മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കടുത്ത നിലപാടുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്നും ഇക്കാര്യം രാഷ്ട്രപതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണ കടത്ത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെന്നും ഹിന്ദു ദിനപത്രത്തിനെതിരെ നടപടി സ്വീകരിക്കാത്തതിലൂടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ഗവർണർ ആരോപിച്ചു. രാജ്യത്തിനെതിരായ കുറ്റകൃത്യം നടക്കുമ്പോൾ ഗവർണറെ അറിയിക്കേണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു.
കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്തുന്ന സ്വർണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ദി ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ താൻ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. തുടർന്ന് ഈ ഭാഗം മുഖ്യമന്ത്രി പറഞ്ഞതല്ലെന്നും പി ആർ ഏജൻസി എഴുതി നൽകിയതാണെന്നും ദി ഹിന്ദു വ്യക്തമാക്കി.
Story Highlights: Kerala Police refutes Governor’s claims about gold smuggling and terrorism on their website