കേരളീയർക്ക് വിശ്വസനീയ വിദേശ തൊഴിൽ: നോർക്കയും കെ-ഡിസ്കും കൈകോർക്കുന്നു

Anjana

Kerala overseas job opportunities

കേരളത്തിലെ തൊഴിൽ അന്വേഷകർക്ക് വിശ്വസനീയവും ഗുണകരവുമായ വിദേശ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനായി നോർക്ക റൂട്ട്സും കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെ-ഡിസ്ക്) ധാരണാപത്രം ഒപ്പുവച്ചു. വഴുതക്കാട് കെ-ഡിസ്ക് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരിയും കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണനും ധാരണാപത്രം കൈമാറി. കേരള നോളജ് ഇക്കണോമി മിഷന്റെ ഭാഗമായി ദീർഘകാല തൊഴിൽ അവസരം ഉറപ്പാക്കുന്നതിനും തൊഴിലവസരങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനുമാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്.

വ്യാജ വീസ, തൊഴിൽ തട്ടിപ്പുകൾ വർധിച്ചിട്ടുള്ള സാഹചര്യത്തിൽ വിശ്വസനീയമായ തൊഴിൽ അവസരം ഉറപ്പാക്കി മികവുറ്റ ഉദ്യോഗാർഥികളെ വിദേശത്തെ മികച്ച തൊഴിൽ ദാതാക്കൾക്ക് ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. കേരളീയർക്ക് നഴ്സിംഗ്, കെയർ ഗിവർ ജോലികളിൽ ജപ്പാനിൽ വലിയ അവസരമുണ്ടെന്നും അതു പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും അജിത് കോളശേരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജാപ്പനീസ് ഭാഷ പഠിപ്പിക്കുന്നതിന് ലാംഗ്വേജ് സെന്ററും തൊഴിൽ നൈപുണ്യത്തിനുള്ള സ്കിൽ ടെസ്റ്റ് സെന്ററും സജ്ജമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജപ്പാനിലെ തൊഴിൽ സാധ്യത മനസിലാക്കി തമിഴ്നാട്ടിൽ പോളി ടെക്നിക്കുകളിൽ ഉൾപ്പെടെ ജാപ്പനീസ് ഭാഷ പഠിക്കുന്നതിന് അവസരമൊരുക്കിയിട്ടുള്ളതായി ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ജപ്പാൻ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ തൊഴിലവസരങ്ങളുണ്ടെന്നും അതു പ്രയോജനപ്പെടുത്താൻ കേരളത്തിലെ വിദേശ തൊഴിൽ അന്വേഷകർക്ക് ആകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജർ പ്രകാശ് പി ജോസഫ്, വിജ്ഞാന പത്തനംതിട്ട അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അബ്രഹാം വലിയകാലായിൽ, കെ-ഡിസ്ക് സീനിയർ കൺസൾട്ടന്റ് ടി.വി. അനിൽകുമാർ, നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സെക്ഷൻ ഓഫീസർ ബി. പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.

Story Highlights: Norka Roots and K-DISC sign MoU to provide reliable overseas job opportunities for Kerala job seekers

Leave a Comment