കേരളത്തിൽ നിപ വൈറസ് ബാധയെ തുടർന്നുള്ള സ്ഥിതിഗതികൾ സംബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രധാന വിവരങ്ങൾ പങ്കുവച്ചു. നിപ ബാധിച്ച് മരിച്ച 14കാരന്റെ സംസ്കാരം നിപ പ്രോട്ടോക്കോൾ അനുസരിച്ച് നടത്തുമെന്ന് മന്ത്രി അറിയിച്ചു. സമ്പർക്കപ്പട്ടികയിൽ 330 പേരുണ്ടെന്നും, ഇതിൽ 68 ആരോഗ്യ പ്രവർത്തകരും 101 പേർ ഹൈറിസ്ക് വിഭാഗത്തിലും ഉൾപ്പെടുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് പരിശോധിച്ച ഏഴ് പേരുടെ സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഐപി അഡ്മിഷനിലുള്ള ഏഴ് പേരിൽ 6 പേർ കുട്ടിയുമായി നേരിട്ട് ബന്ധമുള്ളവരാണ്. സമ്പർക്കപ്പട്ടികയിലുള്ളവരുടെ സാമ്പിളുകൾ പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പുവരുത്തുമെന്നും, പുതിയ റൂട്ട് മാപ്പ് പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായും വീടുകളിൽ സർവ്വെ ആരംഭിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു. രണ്ട് പഞ്ചായത്തിലെ മൂന്ന് സ്കൂളിൽ നാളെ പ്ലസ് വൺ അഡ്മിഷൻ നടത്താമെന്നും, സാമൂഹ്യ അകലം പാലിച്ച് അഡ്മിഷൻ നേടാനും മാസ്ക്ക് നിർബന്ധമായി ധരിക്കണമെന്നും മന്ത്രി നിർദേശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് ഉറപ്പുനൽകി.