സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി വരികയാണ്. രോഗബാധിത പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് രണ്ട് ജില്ലകളിലായി 461 പേർ നിപ സമ്പർക്ക പട്ടികയിലുണ്ടെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിൽ പാലക്കാട് ജില്ലയിൽ 209 പേരും മലപ്പുറം ജില്ലയിൽ 252 പേരുമാണ് സമ്പർക്ക പട്ടികയിലുള്ളത്. കണ്ടെയ്ൻമെൻ്റ് സോണുകളിലെ വീടുകളിൽ പനി സർവൈലൻസ് നടത്തിവരികയാണ്. മന്ത്രി വീണാ ജോർജ് അറിയിച്ചതാണ് ഇക്കാര്യം.
മലപ്പുറത്ത് 8706 വീടുകൾ കണ്ടെയ്ൻമെൻ്റ് സോണിലാണ്. ഹൈ റിസ്ക് കാറ്റഗറിയിൽ 27 പേരുണ്ടെന്നും ഇതിൽ നാല് പേർക്ക് പനി ലക്ഷണങ്ങൾ ഉള്ളതായും മന്ത്രി അറിയിച്ചു. 48 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 46 എണ്ണം നെഗറ്റീവ് ആയിട്ടുണ്ട്. അതേസമയം, മറ്റു നിപ കേസുകളുമായി ഇപ്പോഴത്തെ കേസുകൾക്ക് ബന്ധമില്ലെന്നും മന്ത്രി വ്യക്തമാക്കി.
“എൻ്റെ ലക്ഷ്യം ജനങ്ങളെ നിപയിൽ നിന്ന് രക്ഷിക്കുക എന്നതാണ്. തടഞ്ഞാലും എൻ്റെ പ്രവർത്തനവുമായി മുന്നോട്ടു പോകും,” മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇത് ഒരുമിച്ച് നിൽക്കേണ്ട സമയമാണ്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ പഴുതടച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
“”
കേരളത്തിലെ പൊതുജനാരോഗ്യം മെച്ചപ്പെട്ടതുകൊണ്ടാണ് നിപയുടെ മരണനിരക്ക് കുറയ്ക്കാനും രോഗവ്യാപനം തടയാനും സാധിച്ചതെന്ന് മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. “നിപയുടെ മരണനിരക്ക് കുറഞ്ഞ, രോഗവ്യാപനം കുറച്ച ഭൂപ്രദേശത്തിൻ്റെ പേര് കേരളം എന്നാണ്,” മന്ത്രി പറഞ്ഞു.
അതേസമയം, നിപ ബാധിച്ച് ചികിത്സയിലുള്ള പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
“”
Story Highlights : Minister Veena George says her goal is to save people from Nipah