കേരളത്തിന്റെ ഇരുപത്തി മൂന്നാമത് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് സെക്രട്ടറി തുടങ്ങിയവർ ചടങ്ങിൽ സാന്നിധ്യമറിയിക്കും.
സത്യപ്രതിജ്ഞയ്ക്ക് മുമ്പ് നിയുക്ത ഗവർണർക്ക് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകും. പത്ത് മണിക്ക് സായുധസേനാ വിഭാഗത്തിന്റെ ഗാർഡ് ഓഫ് ഓണർ നടക്കും. സത്യപ്രതിജ്ഞയ്ക്കു ശേഷം ചായസൽക്കാരത്തോടെ ചടങ്ങുകൾ സമാപിക്കും.
ഇന്നലെ കേരളത്തിലെത്തിയ രാജേന്ദ്ര വിശ്വനാഥ് അർലേകറെ തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാർ എന്നിവർ സ്വീകരിച്ചു. സർക്കാരുമായി നിരന്തരം ഭിന്നതയിലായിരുന്ന ആരിഫ് മുഹമ്മദ് ഖാന് ശേഷം വരുന്ന ഗവർണർ എന്ന നിലയിൽ അർലേകറുടെ സമീപനം ഏറെ ശ്രദ്ധേയമാണ്.
ദീർഘകാലം ആർഎസ്എസ് ചുമതലകൾ വഹിച്ച ശേഷം 1989-ലാണ് രാജേന്ദ്ര അർലേകർ ബിജെപിയിൽ അംഗത്വമെടുത്തത്. ഗോവയിൽ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം സ്പീക്കറായിരുന്ന കാലത്താണ് ഗോവ നിയമസഭ രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി മാറിയത്. ഇന്നലെ രാവിലെ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയുമായി ഗോവ രാജ്ഭവനിൽ അർലേകർ കൂടിക്കാഴ്ച നടത്തിയിരുന്നു.
Story Highlights: Rajendra Vishwanath Arlekar to be sworn in as 23rd Governor of Kerala today