കേരളത്തിലെ അടുത്ത ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക് ചുമതലയേൽക്കും. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ജയതിലക് നിലവിൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. കേരള കേഡറിലെ രണ്ടാമത്തെ മുതിർന്ന ഉദ്യോഗസ്ഥനായ അദ്ദേഹം ശാരദാ മുരളീധരന്റെ പിൻഗാമിയായാണ് ചുമതലയേൽക്കുന്നത്.
ഏറ്റവും സീനിയറായ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി സംസ്ഥാനത്തേക്ക് മടങ്ങിവരാൻ വിസമ്മതം അറിയിച്ചതിനെ തുടർന്നാണ് ജയതിലകിന് ചീഫ് സെക്രട്ടറി പദവിയിലേക്ക് വഴിയൊരുങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദവും ഐഐഎമ്മിൽ നിന്ന് പിജി സർട്ടിഫിക്കറ്റ് കോഴ്സും പൂർത്തിയാക്കിയ ജയതിലകിന് മികച്ച വിദ്യാഭ്യാസ പശ്ചാത്തലവുമുണ്ട്.
മാനന്തവാടി സബ് കളക്ടറായി സിവിൽ സർവീസ് കരിയർ ആരംഭിച്ച അദ്ദേഹം കൊല്ലത്തും കോഴിക്കോടും ജില്ലാ കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനിൽ സ്പൈസസ് ബോർഡിന്റെയും മറൈൻ എക്സ്പോർട്ട് ബോർഡിന്റെയും ചുമതലയും വഹിച്ചിട്ടുണ്ട്.
ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയെന്ന നിലയിൽ നികുതി വകുപ്പ് ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകളുടെ ചുമതലയും ജയതിലകിനുണ്ട്. ചീഫ് സെക്രട്ടറിയായി തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും നിരവധി കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്യാനുണ്ടെന്നും അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു. ജനങ്ങളോടും സർക്കാരിനോടും നന്ദിയും അറിയിച്ചു.
സംസ്ഥാനത്തെ ഐഎഎസ് പോരിൽ എൻ.പ്രശാന്ത് പരസ്യമായി പോർമുഖം തുറന്നത് എ. ജയതിലകുമായിട്ടായിരുന്നു. ജയതിലകിനെതിരെ വ്യക്തിപരമായി പോലും വലിയ വിമർശനം എൻ.പ്രശാന്ത് ഉയർത്തിയിരുന്നു. ജയതിലക് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചതിനാണ് എൻ.പ്രശാന്തിന് സർവീസിൽ നിന്നും മാറിനിൽക്കേണ്ടി വന്നത്.
ജയതിലക് സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥനായി മാറുമ്പോൾ ഐഎഎസ് തലപ്പത്തെ പോരിൽ ആകാംക്ഷയേറും.
Story Highlights: Dr. A. Jayathilak, the current Additional Chief Secretary of Finance, will be the next Chief Secretary of Kerala, succeeding Sharada Muraleedharan.