കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ഇപ്പോൾ ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ് എൻസിപി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാൻ തോമസ് കെ തോമസ് എംഎൽഎ നൂറ് കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം. കേരളത്തിൽ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന രണ്ട് എംഎൽഎമാരെ വിലക്ക് വാങ്ങാൻ ശ്രമിച്ചുവെന്നതാണ് ഈ നീക്കത്തിന്റെ രാഷ്ട്രീയപ്രസക്തി. എംഎൽഎമാരായ ആന്റണി രാജുവിനെയും കോവൂർ കുഞ്ഞുമോനെയുമാണ് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് സമീപിച്ചത്.
15-ാം കേരള നിയമസഭയുടെ 11-ാം സമ്മേളനത്തിനിടയിലാണ് കോഴ വാഗ്ദാനം നടന്നത്. ആരോപണം ശ്രദ്ധയിൽപ്പെട്ടതോടെ രണ്ട് എംഎൽഎമാരെയും മുഖ്യമന്ത്രി വിളിപ്പിച്ചു. ആന്റണി രാജു മുഖ്യമന്ത്രിക്ക് മുന്നിൽ ആരോപണം സ്ഥിരീകരിച്ചെങ്കിലും കോവൂർ കുഞ്ഞുമോൻ നിഷേധിച്ചു. കോഴ വിവാദം കൊഴുക്കുമ്പോൾ രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച വീണ്ടും ചർച്ചയാകുന്നുണ്ട്.
തനിക്കെതിരായ കോഴ ആരോപണത്തിന് പിന്നിൽ ആന്റണി രാജുവെന്നാണ് തോമസ് കെ തോമസ് പറയുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപണത്തിൽ മുഖ്യമന്ത്രിയും പിസി ചാക്കോയും മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു. ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ കോഴ ആരോപണം നിഷേധിച്ചില്ല. എന്നാൽ, ഇടത് എംഎൽഎമാരെ വില കൊടുത്ത് വാങ്ങാനാവില്ലെന്നാണ് എം വി ഗോവിന്ദൻ വ്യക്തമാക്കിയത്.
Story Highlights: Thomas K Thomas allegedly offered Rs 100 cr to two LDF MLAs to switch allegiance