തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവർക്ക് ചുമത്തിയ 20,000 രൂപ പിഴ പുനഃപരിശോധിക്കാൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർദേശം നൽകി. ഇന്ന് ഓട്ടോ ഡ്രൈവറായ ശിവപ്രസാദിനെ വിളിച്ചുവരുത്തി ഹിയറിങ് നടത്തി പിഴ ഒഴിവാക്കി നൽകുമെന്ന് മന്ത്രി അറിയിച്ചു. വീട്ടാവശ്യത്തിനായി ഓട്ടോ റിക്ഷയിൽ സാധനങ്ങൾ കയറ്റിയപ്പോഴാണ് മോട്ടോർ വാഹന വകുപ്പ് ശിവപ്രസാദിന് പിഴ ചുമത്തിയത്.
ട്വന്റിഫോർ ന്യൂസ് ചാനൽ ഈ വാർത്ത റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഗതാഗത മന്ത്രി ഇടപെട്ടത്. കഴിഞ്ഞ 18-ാം തീയതി ഒരു പൊലീസുകാരൻ ഫോട്ടോയെടുത്ത് എം.വി.ഡിക്ക് കൈമാറിയതാണെന്ന് ശിവപ്രസാദ് വ്യക്തമാക്കി. പിഴ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയിരുന്നു.
അമിതഭാരം കയറ്റിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴ ചുമത്തിയത്. എന്നാൽ, പിഴ ചുമത്തുന്നതടക്കമുള്ള കാര്യങ്ങളിൽ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രി ഗണേഷ് കുമാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് എല്ലാ നിയമങ്ങളും കർശനമായി നടപ്പാക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ശിവപ്രസാദിന്റെ കേസിൽ മന്ത്രിയുടെ ഇടപെടൽ ഉണ്ടായത്.
Story Highlights: Kerala Transport Minister orders review of Rs 20,000 fine imposed on auto driver in Thiruvananthapuram