മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ട സഹായം ഭരണഘടനാപരമായ അവകാശമാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ. എന്നാൽ, കേന്ദ്രം അനുവദിച്ചത് ഉപാധികളോടെയുള്ള വായ്പ മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. എസ്എഎസ്കെസിഐ വ്യവസ്ഥയിലെ നിബന്ധനകൾ കേരളത്തോടുള്ള അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്യമായ കണക്കുകളോടെയാണ് കേന്ദ്രസർക്കാരിന് മുന്നിൽ കേരളം ആവശ്യം ഉന്നയിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
പുനരധിവാസ പദ്ധതികളുടെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ പ്രൻസിപ്പൽ സെക്രട്ടറിമാരുടെ യോഗം ചേരുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. 45 ദിവസത്തിനകം വായ്പത്തുക ചിലവഴിക്കണമെന്ന വ്യവസ്ഥ പ്രായോഗികമല്ലെന്നും പണം വകമാറ്റി ചെലവഴിച്ചാൽ കേരളത്തിന്റെ മറ്റ് വിഹിതങ്ങളിൽ കുറവ് വരുത്തുമെന്ന കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. കേരളം ഒരു പ്രത്യേക ഘട്ടത്തിലൂടെ കടന്നുപോകുന്നു എന്നതിന്റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
അനുവദിച്ച വായ്പ ഉപയോഗിക്കുമെന്നും എന്നാൽ, മുൻപ് ഇത്തരമൊരു സാഹചര്യം നേരിട്ടിട്ടില്ലാത്തതിനാൽ ഏത് വിധത്തിൽ കാര്യങ്ങൾ നടത്തണമെന്ന് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പുനർനിർമ്മാണത്തിനായി ലഭിച്ച കേന്ദ്ര വായ്പയുടെ വിനിയോഗം ചർച്ച ചെയ്യാൻ വകുപ്പ് സെക്രട്ടറിമാർ യോഗം ചേരും. ഈ സാമ്പത്തിക വർഷം തന്നെ പദ്ധതികൾ പൂർത്തിയാക്കണമെന്ന നിബന്ധനയിൽ ഇളവ് തേടാനും സർക്കാർ ആലോചിക്കുന്നുണ്ട്.
ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നിർദേശപ്രകാരമാണ് വകുപ്പ് സെക്രട്ടറിമാരുടെ യോഗം ചേരുന്നത്. രണ്ട് ദിവസത്തിനകം യോഗം വിളിക്കാനാണ് നിർദേശം. പുനർനിർമ്മാണ പദ്ധതികളുടെ സെക്രട്ടറിമാരാണ് യോഗത്തിൽ പങ്കെടുക്കുക. ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ നേതൃത്വത്തിലുള്ള യോഗത്തിൽ പൊതുമരാമത്ത്, റവന്യു, ജല വിഭവം, പൊതുവിദ്യാഭ്യാസ വകുപ്പുകളുടെ സെക്രട്ടറിമാർ പങ്കെടുക്കും.
വായ്പാ തുക ഉപയോഗിച്ച് എങ്ങനെ പദ്ധതികൾ പൂർത്തിയാക്കാം, കേന്ദ്രം നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ച് എങ്ങനെ പ്രവർത്തിക്കാം, സമയപരിധിയിൽ ഇളവ് നേടാൻ കേന്ദ്രത്തെ സമീപിക്കണോ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. സെക്രട്ടറി തല യോഗത്തിലെ നിർദേശങ്ങൾ മന്ത്രിമാരും അവലോകനം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പദ്ധതി പൂർത്തിയാക്കാൻ കേന്ദ്രത്തോട് സാവകാശം തേടുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.
Story Highlights: Kerala Revenue Minister K Rajan asserts the state’s constitutional right to aid for Mundakkai-Chooralmala rehabilitation, criticizing the Centre’s conditional loan offer.