കേരളത്തിലെ മദ്രസകളെ സംബന്ധിച്ച് ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശത്തിന് പ്രതികരണവുമായി എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമ്മദ് പൂക്കോട്ടൂര് രംഗത്തെത്തി. മദ്രസകള്‍ നിര്ത്തലാക്കണമെന്ന നിര്ദ്ദേശം കേരളത്തെ ബാധിക്കില്ലെന്നും സര്ക്കാരിന്റെ ഒരു സഹായവും ഇവിടുത്തെ മദ്രസകള്ക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില് മതം അനുഷ്ഠിക്കാനുള്ള അവകാശമുണ്ടെന്നും അതിനായി പഠനം ആവശ്യമാണെന്നും അബ്ദു സമ്മദ് പൂക്കോട്ടൂര് പറഞ്ഞു. മദ്രസകള് അടച്ചുപൂട്ടുന്നത് മൗലികാവകാശ ലംഘനമാണെന്നും കുറവുകളുണ്ടെങ്കില് അവ പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ നടപടി ദൂരവ്യാപക പ്രത്യാഘാതങ്ങള് ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഭാവിയില് കേരളത്തിലെ മദ്രസകളെ ബാധിക്കുമെന്ന ആശങ്കയുണ്ടെന്നും ജനാധിപത്യരീതിയില് എതിര്ക്കുമെന്നും അബ്ദു സമ്മദ് പൂക്കോട്ടൂര് പറഞ്ഞു. കേരളത്തിലെ എം.പി മാര് പാര്ലമെന്റില് ഇതിനെതിരെ സംസാരിക്കണമെന്നും ഭാവിയില് മറ്റ് സമുദായങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. മദ്രസകള്ക്കെതിരായ നീക്കം ജനാധിപത്യ രീതിയില് നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Story Highlights: SYS state secretary Abdu Samad Pookkottur responds to NCPCR’s recommendation to close madrasas