തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശാരദ മുരളീധരന് നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടുവെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചതിനെത്തുടർന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മനുഷ്യരെ വിലയിരുത്തേണ്ടത് നിറം നോക്കിയല്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. കറുപ്പ് കുറ്റമല്ല, പ്രകാശമാണെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ശാരദ മുരളീധരന്റെ പ്രവർത്തനം കറുത്തതെന്നും ഭർത്താവിന്റേത് വെളുത്തതാണെന്നുമുള്ള സുഹൃത്തിന്റെ അഭിപ്രായത്തെക്കുറിച്ചും ശാരദ കുറിപ്പിൽ പരാമർശിച്ചിരുന്നു.
ചീഫ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. വർണ്ണ വിവേചനം ഇപ്പോഴും നിലനിൽക്കുന്നുവെന്നും വർണ്ണത്തിന്റെ പേരിൽ വിവേചനം ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇവിടെ ജനാധിപത്യം മരിച്ചുപോയി എന്നും മതാധിപത്യം നിലനിൽക്കുന്ന കാലഘട്ടത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചീഫ് സെക്രട്ടറി പറഞ്ഞത് പുതിയൊരു അറിവല്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
നേതാക്കളെ കരിങ്കുരങ്ങ് എന്നൊക്കെ വിളിച്ചിട്ടുണ്ടെന്നും അതുകൊണ്ട് അവഹേളിക്കപ്പെടുന്നത് പറയുന്നവർ തന്നെയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇതെല്ലാം ഫ്യൂഡൽ ജീർണതയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ചീഫ് സെക്രട്ടറിയും തന്റെ ഭർത്താവുമായ വേണുവിന്റേയും തന്റേയും നിറവ്യത്യാസത്തെ തങ്ങളുടെ പ്രവർത്തനരീതികളുമായി ബന്ധപ്പെടുത്തി മോശം കമന്റ് കേൾക്കേണ്ടി വന്നുവെന്നാണ് ശാരദ ഫേസ്ബുക്കിൽ കുറിച്ചത്. നിറം പറഞ്ഞ് സംസാരിക്കുന്ന സംസ്കാരം കേരളത്തിന്റേതല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ദക്ഷിണാഫ്രിക്കയല്ല കേരളമെന്നും കറുത്തവന്റെ വിയർപ്പാണ് കേരളത്തെ ചോറൂട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരുടെയും പേര് ചീഫ് സെക്രട്ടറി പറഞ്ഞില്ലെന്നും പേര് ഏതുമാകട്ടെ, പദവി ഏതുമാകട്ടെ, നിറം പറഞ്ഞ് അവഗണിച്ചാൽ അവൻ പ്രാകൃതനാണെന്നും ബിനോയ് വിശ്വം വിശദമാക്കി. നൂറ്റാണ്ടിന് പിന്നിലാണ് അത്തരക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കറുപ്പ് ഗംഭീരമെന്നും തന്റെ കറുപ്പിനെ ഉൾക്കൊള്ളുകയും ആ നിറത്തെ ചേർത്തുപിടിക്കുകയും ചെയ്യുന്നുവെന്ന് ശാരദ മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ചീഫ് സെക്രട്ടറിയുടെ ഈ നിലപാടിന് നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തിയത്.
Story Highlights: Kerala’s Chief Secretary Sarada Muraleedharan receives support from CPI(M) and CPI leaders after facing colorism.