മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനു ശേഷമുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടിന്റെ വിനിയോഗ കാലാവധി നീട്ടി. ഈ വർഷം ഡിസംബർ 31 വരെയാണ് പുതിയ കാലാവധി. എന്നാൽ, കാലാവധി നീട്ടി നൽകുന്നതിനോടൊപ്പം കേന്ദ്രം ചില ഉപാധികൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഈ ഉപാധികളുടെ കാര്യത്തിൽ കേന്ദ്രം വ്യക്തത വരുത്തണമെന്നും കലക്കവെള്ളത്തിൽ മീൻ പിടിക്കരുതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി സംസ്ഥാനം സമർപ്പിച്ച 16 പദ്ധതികൾക്ക് കേന്ദ്ര ധനമന്ത്രാലയം 529.5 കോടി രൂപ പലിശരഹിത വായ്പ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം തന്നെ ഈ തുക ഉപയോഗിക്കണമെന്ന നിബന്ധനയോടെയായിരുന്നു വായ്പ അനുവദിച്ചത്. മാർച്ച് 31 എന്ന അന്തിമ തിയതിയിൽ സാവകാശം നൽകണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. വായ്പാ തുക വിനിയോഗിക്കുന്നതിനൊപ്പം കാലാവധി നീട്ടാനും സംസ്ഥാനം അപേക്ഷിച്ചിരുന്നു.
കേന്ദ്രം മുന്നോട്ടുവച്ച ഉപാധികൾ എന്തെന്ന് വ്യക്തമാക്കാത്തതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഡൽഹിയിലിരിക്കുന്ന ഉദ്യോഗസ്ഥർ കോടതിയുടെ മുകളിലാണെന്നാണോ ധാരണയെന്ന് കോടതി ചോദിച്ചു. ചുമതലയുള്ള ഉദ്യോഗസ്ഥനെ അടുത്ത ഫ്ലൈറ്റിൽ എത്തിക്കാമെന്നും കോടതി പറഞ്ഞു. കാലാവധി നീട്ടിയതിന്റെ കാര്യത്തിൽ വ്യക്തത വരുത്തി തിങ്കളാഴ്ച കേന്ദ്രം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു.
ബാങ്ക് ഓഫ് ബറോഡ വായ്പ തിരിച്ചുപിടിക്കൽ നടപടി സ്വീകരിച്ചെന്ന ആക്ഷേപത്തിലും കേന്ദ്രം മറുപടി നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്രം തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു. ദുരന്തബാധിത പ്രദേശങ്ങളിലെ പുനരധിവാസത്തിനായി സംസ്ഥാനത്തിന് സാമ്പത്തിക സഹായം നൽകുന്നതിൽ കാലതാമസം ഉണ്ടാകരുതെന്ന് കോടതി നിർദേശിച്ചു.
Story Highlights: The Central government extended the deadline for the state to utilize funds for the Mundakkai-Chooralmala landslide rehabilitation until December 31, 2024, subject to certain conditions.