സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് സംവിധാനം; വിശദാംശങ്ങള്‍ പങ്കുവെച്ച് മന്ത്രി വീണാ ജോര്‍ജ്

Anjana

Updated on:

Kerala e-health system
സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 428 ആശുപത്രികളില്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് ഇ-ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കിയത്. മെഡിക്കല്‍ കോളേജുകള്‍, ജില്ലാ/ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സ്പെഷ്യാലിറ്റി ആശുപത്രികള്‍, പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ എന്നിവിടങ്ങളിലാണ് ഇ-ഹെല്‍ത്ത് നടപ്പിലാക്കിയത്. 80 താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളില്‍ കൂടി ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ് സംവിധാനം അന്തിമ ഘട്ടത്തിലാണ്. മുഴുവന്‍ ആശുപത്രികളിലും ഇ-ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ഇതുവരെ 1.93 കോടിയിലധികം ജനങ്ങള്‍ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്ട്രേഷന്‍ എടുത്തു. താത്ക്കാലിക രജിസ്‌ട്രേഷനിലൂടെ 5.24 കോടിയിലധികം പേര്‍ ചികിത്സ തേടി. 11.84 ലക്ഷം പേര്‍ അഡ്മിറ്റായി ചികിത്സ തേടി. 2.78 കോടിയിലധികം പ്രീ ചെക്കപ്പ്, 6.85 കോടിയിലധികം ഡയഗ്നോസിസ്, 4.44 കോടിയിലധികം പ്രിസ്‌ക്രിപ്ഷന്‍, 1.50 കോടിയിലധികം ലാബ് പരിശോധനകള്‍ എന്നിവയും നടത്തി. ഇ-ഹെല്‍ത്തിലൂടെ ഓണ്‍ലൈന്‍ ഒപി ടിക്കറ്റും പേപ്പര്‍ രഹിത ആശുപത്രി സേവനങ്ങളും ലഭ്യമാകുന്നു. ആശുപത്രിയില്‍ ക്യൂ നില്‍ക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാന്‍ കഴിയുന്നു. വീണ്ടും ചികിത്സ തേടണമെങ്കില്‍ ആശുപത്രിയില്‍ നിന്നും തന്നെ അഡ്വാന്‍സ് ടോക്കണ്‍ എടുക്കാനുള്ള സംവിധാനവും സജ്ജമാണ്. ഇതിലൂടെ കാത്തിരിപ്പ് വളരെ കുറയ്ക്കാനാകും. യുണിക്ക് ഹെല്‍ത്ത് ഐഡി സൃഷ്ടിക്കുന്നതിനും അപ്പോയ്മെന്റ് എടുക്കുന്നതിനുമുള്ള വിശദമായ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്. Story Highlights: Kerala implements e-health system in 653 health institutions, with 428 hospitals added during current government

Leave a Comment