ആരോഗ്യമന്ത്രിയുടെ പി.എയുടെ പേരിലുള്ള നിയമനത്തട്ടിപ്പ്: രാഷ്ട്രീയ ഗൂഢാലോചന തള്ളി പൊലീസ് കുറ്റപത്രം

Anjana

Kerala Health Minister PA name misuse case

ആരോഗ്യമന്ത്രി വീണ ജോർജിന്റെ പി.എയുടെ പേര് ഉപയോഗിച്ചുള്ള നിയമനത്തട്ടിപ്പ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. രാഷ്ട്രീയ ഗൂഢാലോചന എന്ന ആരോപണം തള്ളിക്കളഞ്ഞ പൊലീസ്, സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് മുൻ എ.ഐ.എസ്.എഫ് നേതാവ് കെ.പി.ബാസിതും പത്തനംതിട്ടയിലെ സി.ഐ.ടി.യു ഓഫീസ് സെക്രട്ടറിയായിരുന്ന അഖിൽ സജീവും ചേർന്ന് നടത്തിയ തട്ടിപ്പ് മാത്രമാണിതെന്ന് വ്യക്തമാക്കി. ആരോഗ്യമന്ത്രിയുടെ ഓഫീസിന് തട്ടിപ്പിൽ പങ്കില്ലെന്നും കുറ്റപത്രത്തിൽ സ്ഥിരീകരിച്ചു.

മകന്റെ ഭാര്യയുടെ ജോലിക്കായി മന്ത്രി വീണാ ജോർജിന്റെ പി.എയ്ക്ക് കോഴ നൽകിയെന്ന മലപ്പുറംകാരൻ ഹരിദാസന്റെ ആരോപണമായിരുന്നു കേസിന്റെ തുടക്കം. എന്നാൽ പിന്നീട് പണം നൽകിയിട്ടില്ലെന്ന് ഹരിദാസൻ തന്നെ മൊഴി തിരുത്തി. കൻറോൺമെൻറ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വീണാ ജോർജിനും പി.എ അഖിൽ മാത്യുവിനും ക്ളീൻചീറ്റ് നൽകിയാണ് കുറ്റപത്രം സമർപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെ.പി.ബാസിത്, ലെനിൻ രാജ്, റയീസ്, അഖിൽ സജീവ് എന്നിവർ മാത്രമാണ് പ്രതികൾ. ആരോഗ്യമന്ത്രിയുടെ പി.എയ്ക്ക് കൊടുക്കാനെന്ന പേരിൽ ബാസിത് 1 ലക്ഷവും ലെനിൻ അമ്പതിനായിരവും അഖിൽ സജീവ് ഇരുപത്തയ്യായിരവും തട്ടിയെടുത്തതായി കണ്ടെത്തി. ഹരിദാസനിൽ നിന്ന് പണം തട്ടാൻ പ്രതികൾ നടത്തിയ ഗൂഢാലോചനക്ക് അപ്പുറം രാഷ്ട്രീയ നേതാക്കളടക്കം മറ്റാർക്കും പങ്കില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്നായിരുന്നു തുടക്കം മുതൽ മന്ത്രിയുടെ വാദം. എന്നാൽ മന്ത്രിയുടെ ഈ വാദവും കുറ്റപത്രത്തിൽ പൊലീസ് തള്ളിക്കളഞ്ഞു.