ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചതനുസരിച്ച്, ജീവിതശൈലീ രോഗങ്ങള് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആര്ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്ണയ സ്ക്രീനിംഗിന്റെ രണ്ടാം ഘട്ടത്തില് 50 ലക്ഷത്തോളം പേരുടെ സ്ക്രീനിംഗ് നടത്തി. ആദ്യഘട്ടത്തില് 30 വയസിന് മുകളില് പ്രായമുള്ള 1.54 കോടിയിലധികം പേരുടെ സ്ക്രീനിംഗ് പൂര്ത്തിയാക്കി രോഗസാധ്യത കണ്ടെത്തിയവര്ക്ക് തുടര് ചികിത്സ ഉറപ്പാക്കിയ ശേഷമാണ് രണ്ടാം ഘട്ടം നടപ്പിലാക്കിയത്. രണ്ടാം ഘട്ടത്തില് രക്താതിമര്ദം, പ്രമേഹം, കാന്സര്, ടിബി, ശ്വാസകോശ രോഗങ്ങള് എന്നിവയ്ക്കൊപ്പം കുഷ്ഠ രോഗം, മാനസികാരോഗ്യം, കാഴ്ചാ പ്രശ്നം, കേള്വി പ്രശ്നം, വയോജന ആരോഗ്യം എന്നിവയ്ക്കും പ്രാധാന്യം നല്കി.
രണ്ടാം ഘട്ട സ്ക്രീനിംഗില് 50 ലക്ഷം പേരില് 46.7 ശതമാനം പേര്ക്ക് (23,21,315) ജീവിതശൈലീ രോഗ സാധ്യതയുള്ളതായി കണ്ടെത്തി. രക്താതിമര്ദം മാത്രമുള്ള 6,53,541 (13.15 ശതമാനം) പേരുടേയും പ്രമേഹം മാത്രമുള്ള 4,31,448 (8.68 ശതമാനം) പേരുടേയും ഇവ രണ്ടുമുള്ള 2,71,144 പേരുടേയും ആരോഗ്യ സംബന്ധമായ വിവരങ്ങള് രേഖപ്പെടുത്തി. കാന്സര് സാധ്യതയുള്ള 1,10,781 പേരെ കണ്ടെത്തി തുടര് പരിശോധനയ്ക്കായി റഫര് ചെയ്തു. 1,45,867 പേരെ ടിബി പരിശോധനയ്ക്കായും 2,10,641 പേരെ ശ്വാസകോശ സംബന്ധമായ പരിശോധനയ്ക്കായും റഫര് ചെയ്തു.
പുതുതായി ഉള്പ്പെടുത്തിയ പരിശോധനകളില്, 1,45,622 പേരെ കുഷ്ഠ രോഗ പരിശോധനയ്ക്കായും 15,94,587 പേരെ കാഴ്ച പരിശോധനയ്ക്കായും 2,29,936 പേരെ കേള്വി പരിശോധനയ്ക്കായും റഫര് ചെയ്തു. 1,24,138 വയോജനങ്ങള്ക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതായി കണ്ടെത്തി. 71,759 പേരെ മാനസികാരോഗ്യ പരിശോധനയ്ക്ക് റഫര് ചെയ്തു. നവകേരളം കര്മ്മപദ്ധതി ആര്ദ്രം രണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ 30 വയസിന് മുകളില് പ്രായമുള്ള എല്ലാ വ്യക്തികളേയും സ്ക്രീന് ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇ ഹെല്ത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവര്ത്തകര് നേരിട്ട് വീടുകളിലെത്തിയാണ് സ്ക്രീനിംഗ് നടത്തുന്നത്.
Story Highlights: Kerala Health Department screens 50 lakh people, finds 46% at risk of lifestyle diseases