നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വിധി പറയും. സിബിഐ അന്വേഷണം വേണമെന്ന ഹർജിയിലെ ആവശ്യത്തെ സാധൂകരിക്കുന്ന കാര്യങ്ങൾ കോടതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് നേരത്തെ സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. നവീൻ ബാബുവിന്റേത് കൊലപാതകം ആണെന്ന സംശയമാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാൻ കാരണമെന്ന് ഹർജിയിൽ പറയുന്നു.
\n
പ്രത്യേക സംഘത്തിന്റെ അന്വേഷണം ശരിയായ രീതിയിലാണെന്നും അതിനാൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സർക്കാർ നിലപാട്. ഹർജിയിൽ ആരോപണങ്ങൾ മാത്രമാണ് ഉന്നയിക്കുന്നതെന്നും വസ്തുതകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും സംസ്ഥാന സർക്കാർ വാദിച്ചു. ഡിജിപി പ്രത്യേക മേൽനോട്ടത്തിന് മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു.
\n
നേരത്തെ സിംഗിൾ ബെഞ്ച് ഈ ആവശ്യം തള്ളിയിരുന്നു. തൽക്കാലം എസ്ഐടി ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തട്ടെയെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു. കോടതി നിർദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ നിലപാട് അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് നേരത്തെ വിധി പറഞ്ഞത്.
Story Highlights: The Kerala High Court’s division bench will deliver its verdict on Monday on a petition seeking a CBI investigation into the death of Naveen Babu.