ആശാ വർക്കർമാരുടെ ഓണറേറിയം അനുവദിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും പിൻവലിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ഫെബ്രുവരി 19ന് സർക്കാർ എടുത്ത തീരുമാനം മാർച്ച് 12നാണ് ഉത്തരവായി പുറത്തിറങ്ങിയത്. ആശാ വർക്കർമാരുടെ ദീർഘകാലമായുള്ള ആവശ്യങ്ങളിലൊന്നാണ് ഇതോടെ സർക്കാർ അംഗീകരിച്ചത്.
ആശാ വർക്കർമാർ പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് ഉന്നയിച്ചിരുന്നത്. പ്രതിമാസ ഓണറേറിയം 7000 രൂപയിൽ നിന്ന് 21000 രൂപയാക്കി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപയാക്കി വർധിപ്പിക്കുക, ഓണറേറിയത്തിന് ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ പിൻവലിക്കുക എന്നിവയായിരുന്നു ആ ആവശ്യങ്ങൾ. ഫെബ്രുവരി ആറിന് ആരോഗ്യമന്ത്രി വീണാ ജോർജ് സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി ചർച്ച നടത്തി.
ഈ ചർച്ചയിൽ മാനദണ്ഡങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ ഒരു സമിതിയെ രൂപീകരിക്കാൻ തീരുമാനിച്ചു. തുടർന്ന് ഫെബ്രുവരി ഏഴിന് ആരോഗ്യ വകുപ്പിലെയും നാഷണൽ ഹെൽത്ത് മിഷനിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു. മാനദണ്ഡങ്ങൾ പിൻവലിക്കുന്ന കാര്യം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി സമിതിയോട് ആവശ്യപ്പെട്ടു.
സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 19ന് ഓണറേറിയം അനുവദിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും പിൻവലിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. 36 ദിവസമായി നടന്നുവന്ന രാപ്പകൽ സമരത്തിനിടെയാണ് ആശാ വർക്കർമാർ പ്രതിഷേധം ശക്തമാക്കിയത്. സമരം പൊളിക്കാൻ സർക്കാർ ശ്രമിച്ചെന്ന് ആശാ വർക്കർമാർ ആരോപിച്ചു.
ഉപരോധ സമരം നടക്കുന്ന ദിവസം തന്നെ ആശാ വർക്കർമാർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചാണ് സർക്കാർ സമരം പൊളിക്കാൻ ശ്രമിച്ചത്. പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാൻ, പാലിയേറ്റീവ് കെയർ ഗ്രിഡ് എന്നിവ സംബന്ധിച്ചുള്ള പരിശീലനത്തിൽ പങ്കെടുക്കാൻ ആരോഗ്യവകുപ്പ് ആശാ വർക്കർമാർക്ക് നിർദ്ദേശം നൽകി. ജില്ലാ പ്രോഗ്രാം മാനേജർമാർ വഴി ആശാ വർക്കർമാർക്ക് നിർദ്ദേശം നൽകുകയും പങ്കെടുക്കുന്നവരുടെ ഹാജർനില ഉൾപ്പെടെ കൃത്യമായി അറിയിക്കണമെന്നും നിർദ്ദേശിച്ചു.
Story Highlights: Kerala government withdraws all criteria for granting honorarium to ASHA workers.