നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കേസ് അവസാനിപ്പിക്കാനായി ജില്ലാ ക്രൈംബ്രാഞ്ച് ജെഎഫ്എംസിയിൽ റഫറൻസ് റിപ്പോർട്ട് സമർപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചില്ലെന്ന വിചിത്രമായ വാദമാണ് ഉന്നയിക്കുന്നത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ അനിൽ കള്ളിയൂരും സന്ദീപുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത്. കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസിനേയും സംസ്ഥാന ഭാരവാഹി അജയ് ജുവൽ കുര്യാക്കോസിനേയുമാണ് ക്രൂരമായി വളഞ്ഞിട്ട് ആക്രമിച്ചത്. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ചെന്ന കാരണം പറഞ്ഞാണ് മർദനമുണ്ടായത്.
കേസിലെ അന്വേഷണം മന്ദഗതിയിൽ നീങ്ങിയപ്പോൾ പരാതിക്കാർ കോടതിയെ സമീപിച്ചു. തുടർന്നാണ് കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടത്. എന്നാൽ, ഇപ്പോൾ കേസ് അവസാനിപ്പിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ്. മാധ്യമങ്ങളിൽ യൂത്ത് കോൺഗ്രസുകാരെ ഗൺമാൻമാർ മർദിക്കുന്ന ദൃശ്യങ്ങൾ വന്നിരുന്നെങ്കിലും പൊലീസ് ഫോട്ടോഗ്രാഫർ എടുത്ത ചില ദൃശ്യങ്ങൾ മാത്രമാണ് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. ഇതിൽ മർദനത്തിന്റെ ദൃശ്യങ്ങൾ ഇല്ലെന്നാണ് വ്യക്തമാകുന്നത്.
Story Highlights: Government protects Chief Minister’s gunmen accused of assaulting Youth Congress workers during Navakerala Yatra in Alappuzha