അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി സമഗ്രമായ പദ്ധതി ആവിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മെയ് മാസത്തിൽ പ്രത്യേക ക്യാമ്പയിൻ നടത്തി അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങൾ സന്ദർശിച്ച് കുട്ടികളുടെ സ്കൂൾ പ്രവേശനം ഉറപ്പാക്കും. ഇടുക്കി, കണ്ണൂർ ജില്ലകളിൽ നടപ്പിലാക്കി വരുന്ന റോഷ്നി പദ്ധതിയുടെ മാതൃകയിലായിരിക്കും പുതിയ പദ്ധതി.
അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി സർക്കാർ പ്രത്യേക ഊന്നൽ നൽകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, അധ്യാപകർ, രക്ഷാകർതൃ സമിതികൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. മെയ് 7ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടിയിൽ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും.
എസ്.സി.ഇ.ആർ.ടി ഏപ്രിൽ 30നകം സമഗ്ര വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കും. അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ ചർച്ച ചെയ്യുന്നതിനായി യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയത്.
മെയ് ആദ്യവാരം വിവിധ വകുപ്പുകളുടെ യോഗം ചേർന്ന് എസ്.സി.ഇ.ആർ.ടി തയ്യാറാക്കിയ പദ്ധതി രൂപരേഖ അന്തിമമാക്കും. പൊതുവിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, തൊഴിൽ, സാമൂഹ്യനീതി, വനിത ശിശുക്ഷേമം, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. ആറ് മാസത്തിലൊരിക്കൽ ഈ രജിസ്റ്റർ പരിഷ്കരിക്കണം.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്കൂൾ പ്രവേശന രജിസ്റ്റർ സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിവരങ്ങൾ ഈ രജിസ്റ്ററിൽ പ്രത്യേകം രേഖപ്പെടുത്തണം. സീസണൽ മൈഗ്രേഷന്റെ ഭാഗമായി മാറിപ്പോകുന്ന കുട്ടികൾക്ക് പഠന തുടർച്ച ഉറപ്പാക്കാനും സംവിധാനമുണ്ടാകും.
കുട്ടികൾക്കും രക്ഷിതാക്കൾക്കും ആരോഗ്യ പരിശോധനയും മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കും. ശുചിത്വം, ലഹരി ഉപയോഗം, ആരോഗ്യ ശീലങ്ങൾ എന്നിവയിൽ ബോധവൽക്കരണവും നടത്തും. തദ്ദേശീയ കുട്ടികളുമായി സാംസ്കാരിക വിനിമയം നടത്താനും അവസരമൊരുക്കും.
അതിഥി തൊഴിലാളികളുടെ ആധാർ അധിഷ്ഠിത രജിസ്ട്രേഷനായി പ്രത്യേക പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിക്കും. കുട്ടികളുടെ വിവരശേഖരണത്തിന് സഹായകമായ മൊഡ്യൂളുകളും ഇതിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാർഡ് തലത്തിൽ അവധി ദിവസങ്ങളിൽ കലാ-കായിക, സർഗ്ഗാത്മക പ്രവർത്തനങ്ങൾക്കായി പൊതു ഇടങ്ങൾ സൃഷ്ടിക്കും.
Story Highlights: Kerala CM Pinarayi Vijayan announced a comprehensive plan to ensure the education of migrant workers’ children.