സാമൂഹിക ക്ഷേമ സുരക്ഷാ പെൻഷൻ വിതരണത്തിലെ സർക്കാർ തട്ടിപ്പുകാരുടെ എണ്ണം ഇനിയും ഉയരുമെന്ന് റിപ്പോർട്ട്. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ സർക്കാർ മേഖലയിലുള്ള 9,201 ഉദ്യോഗസ്ഥർ അനധികൃതമായി പെൻഷൻ കൈപ്പറ്റി 39.27 കോടി രൂപ തട്ടിയെടുത്തതായി കണ്ടെത്തി. 2000 മുതലുള്ള കണക്കെടുത്താൽ ഈ സംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.
സർക്കാരിനെ കബളിപ്പിച്ച് കൈക്കലാക്കിയ തുക തിരികെ പിടിക്കണമെന്നും തട്ടിപ്പ് നടത്തിയവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും സി&എജി ശിപാർശ നൽകി. 2023 സെപ്റ്റംബറിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും ഇതുവരെ പണം തിരികെ പിടിക്കാൻ നടപടികൾ സ്വീകരിച്ചിട്ടില്ല.
ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കമുള്ളവരാണ് അനധികൃതമായി പെൻഷൻ കൈപ്പറ്റുന്നത്. രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരും മൂന്ന് ഹയർ സെക്കൻഡറി അധ്യാപകരും ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ ക്ഷേമപെൻഷൻ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ് – 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പിൽ 224 പേരും മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും ആയുർവേദ വകുപ്പിൽ 114 പേരും മൃഗ സംരക്ഷണ വകുപ്പിൽ 74 പേരും ഉൾപ്പെടുന്നു.
മറ്റ് വകുപ്പുകളിലെ കണക്കുകൾ ഇങ്ങനെയാണ്: പൊതുമരാമത്ത് – 47, സാങ്കേതിക വിദ്യാഭ്യാസം – 46, ഹോമിയോപ്പതി – 41, കൃഷി, റവന്യു – 35 വീതം, ജുഡീഷ്യറി ആൻഡ് സോഷ്യൽ ജസ്റ്റിസ് – 34, ഇൻഷുറൻസ് മെഡിക്കൽ സർവീസ് – 31, കോളേജിയറ്റ് എഡ്യുക്കേഷൻ – 27, ഹോമിയോപ്പതി – 25.
ധനവകുപ്പിന്റെ നിർദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചുപിടിക്കാൻ ധനവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശിച്ചിട്ടുണ്ട്.
Story Highlights: Over 9,000 government employees in Kerala found illegally receiving welfare pension, amounting to Rs 39.27 crore fraud