കൊടകര കേസിൽ പുനരന്വേഷണത്തിന് സർക്കാർ തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ ഉടൻ രൂപീകരിക്കുമെന്നും എഡിജിപി മനോജ് എബ്രഹാം മേൽനോട്ടം വഹിക്കുമെന്നും സൂചനയുണ്ട്. നേരത്തെ കേസ് അന്വേഷിച്ച കൊടുങ്ങല്ലൂർ ഡിവൈഎസ്പി രാജുവും സംഘത്തിലുണ്ടാകുമെന്നാണ് വിവരം. തിരൂർ സതീശന്റെ മൊഴി നാളെ രേഖപ്പെടുത്തും.
കേസിലെ അന്വേഷണം കർണാടകയിലേക്കും വ്യാപിക്കും. തിരൂർ സതീശന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്താമെന്ന നിയമോപദേശത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരുന്നു കൊടകര കുഴൽപ്പണകേസിന് തുടക്കമിട്ട കവർച്ചാസംഭവം. പൊലീസ് അന്വേഷണത്തിൽ കുഴൽപ്പണ ഇടപാട് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചെങ്കിലും കേസ് പാതിവഴിയിൽ നിലച്ചമട്ടായിരുന്നു. ബിജെപി തൃശൂർ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീശിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെയാണ് കുഴൽപ്പണക്കേസ് വീണ്ടും ചർച്ചാ വിഷയമായത്. നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുൻപ്, 2021 ഏപ്രിൽ നാലിന് പുലർച്ചെ 4.40ന് കൊടകരയിൽ വ്യാജ അപകടം ഉണ്ടാക്കി മൂന്നര കോടി രൂപ കവർന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ പണം ബിജെപിക്കായി എത്തിച്ചതാണെന്നും വ്യക്തമായിരുന്നു.
Story Highlights: Kerala government orders reinvestigation into Kodakara hawala case, special team to be formed