സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുകയാണ്. രാജ്ഭവനിൽ നിന്ന് ഉദ്യോഗസ്ഥരെ വിലക്കിയ നടപടി മയപ്പെടുത്തിയെങ്കിലും, സർക്കാരിനെ പ്രതിരോധത്തിലാക്കാനായി നിരന്തരം വിശദീകരണം ആവശ്യപ്പെട്ട് കത്തയക്കുന്ന നിലപാടാണ് രാജ്ഭവൻ സ്വീകരിക്കുന്നത്. മലപ്പുറം പരാമർശത്തിൽ വിശദീകരണം നൽകിയില്ലെങ്കിൽ, അത് ഉൾപ്പെടെ ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് ഗവർണർ കത്ത് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
സ്വർണക്കടത്തിലെ ദേശവിരുദ്ധ വിവാദത്തിൽ കൃത്യമായ വിശദീകരണം നൽകണമെന്ന കടുത്ത നിലപാടിലാണ് ഗവർണർ. എന്നാൽ, ഗവർണറുടെ ഭീഷണിയിൽ വീഴേണ്ടതില്ല എന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. ഗവർണർക്കെതിരെ കടുത്ത നിലപാടെടുത്ത് സർക്കാരിന് രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. സർക്കാരിനെ പിരിച്ചുവിടാൻ ഗവർണറെ വെല്ലുവിളിച്ചും സ്റ്റെപ്പിനി ഗവർണർ എന്ന് പരിഹസിച്ചുമാണ് സിപിഐഎം നേതാക്കൾ മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി കളത്തിലിറങ്ങിയത്.
സർക്കാർ പ്രതിസന്ധിയിൽ ആകുമ്പോഴുള്ള ഒത്തുകളിയാണ് ഗവർണർ – സർക്കാർ തർക്കം എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സർക്കാർ പ്രതിസന്ധിയിലാകുന്ന ഘട്ടത്തിൽ പോര് മുറുകുന്നത് പതിവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. അതേസമയം ഗവർണർക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു.
Story Highlights: Kerala government and Governor Arif Muhammad Khan continue to clash over various issues